ന്യൂഡൽഹി: ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന് ജയിലില്‍ വിഐപി പരിഗണന ലഭിച്ചെന്ന വിഷയത്തില്‍ ആം ആദ്മി പാര്‍ട്ടിയ്ക്കെതിരെ ആക്രമണം ശക്തമാക്കി ബിജെപി.
തിഹാര്‍ ജയിലില്‍ വെച്ച് മന്ത്രിയെ മസാജ് ചെയ്യുന്നത് ഫിസിയോതെറാപ്പിസ്റ്റല്ല, ബലാത്സംഗക്കേസ് പ്രതിയാണെന്ന് ബിജെപി ആരോപിച്ചു.
പോക്സോ കേസ് പ്രതിയായ റിങ്കുവാണ് തിഹാര്‍ ജയിലില്‍ നിന്ന് വൈറലായ വീഡിയോയില്‍ മസാജ് ചെയ്യുന്നതെന്നും ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല അവകാശപ്പെട്ടു.
‘ബലാത്സംഗക്കേസ് പ്രതിയായ റിങ്കു സത്യേന്ദര്‍ ജെയിന് മസാജ് ചെയ്യുകയായിരുന്നു. പോക്സോ, ഐപിസി 376 പ്രകാരം റിങ്കുവിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
അതിനാല്‍ ഫിസിയോതെറാപ്പിസ്റ്റല്ല, ഒരു ബലാത്സംഗക്കേസ് പ്രതിയാണ് സത്യേന്ദര്‍ ജെയിന് മസാജ് ചെയ്യുന്നത്! ഞെട്ടിപ്പിക്കുന്നതാണിത്.
എന്തുകൊണ്ടാണ് അദ്ദേഹം ഇതിനെ പ്രതിരോധിക്കുകയും ഫിസിയോതെറാപ്പിസ്റ്റുകളെ അപമാനിക്കുകയും ചെയ്തത് എന്നതിന് കെജ്രിവാള് ഉത്തരം നല്‍കണം,’ പൂനാവാല ട്വീറ്റില്‍ പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തെന്ന കേസില്‍ 2021ലാണ് റിങ്കുവിനെ അറസ്റ്റ് ചെയ്തതെന്ന് ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ വിചാരണ കാത്ത് തിഹാര്‍ ജയിലിലാണ് ഇയാള്‍.
‘എഎപി രാഷ്ട്രീയം പുനര്‍നിര്‍വചിക്കുകയാണ്” – പോക്സോ ബുക്ക് ചെയ്ത ഫിസിയോകള്‍, കള്ളപ്പണം വെളുപ്പിക്കുന്ന മന്ത്രിമാര്‍, ഭരണം പിടിച്ചെടുത്ത് മദ്യലോബി’, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ആം ആദ്മി പാര്‍ട്ടിയെ വിമര്‍ശിച്ചു.