മാന്നാർ: ഖത്തറിലെ സീ ഡ്രിൽ കമ്പനിയിൽ ജോലി നൽകാമെന്ന് പറഞ്ഞ് ഒരുകോടിയിലധികം തുക തട്ടിയ ആൾ നാട്ടിൽ മറ്റു പല തട്ടിപ്പുകളും നടത്തിയതായി പരാതി.
പാവുക്കര അരികുപുറത്ത് ബോബി തോമസാണ് (49) അറസ്റ്റിലായത്. 70 ഓളം പേരിൽനിന്ന് ഒരുകോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയെത്തുടർന്നായിരുന്നു അറസ്റ്റ് .
കഴിഞ്ഞ ഒന്നരമാസമായി ബോബി തോമസ് ഒളിവിൽ കഴിയുകയായിരുന്നു. തട്ടിപ്പിനിരയായ യുവാക്കൾ മാന്നാർ പോലീസിൽ നവംബർ 16നു പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു.
കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് ഒളിവിൽ പോയ ബോബി തോമസ് പഴയ ഫോൺ നമ്പർ മാറ്റി പുതിയ സിം കാർഡ് ഉപയോഗിച്ച് പലയിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു.
കഴിഞ്ഞദിവസം പോലീസിന്റെ കൈയിൽ പുതിയ നമ്പർ ലഭിക്കുകയും ഈ ഫോൺ നമ്പർ കേന്ദ്രീകരിച്ചു പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
സ്വന്തം വീട് വിൽക്കാൻ ഒരേ സമയം നാലുപേരുടെ പക്കൽ നിന്നും പണം വാങ്ങി വീട് വിൽക്കാൻ വേണ്ടി കരാർ എഴുതി. 20 ലക്ഷം രൂപാ വീതമാണ് ഇവരിൽനിന്ന് വാങ്ങിയത്.
കരാർ എഴുതിയശേഷം ഗൾഫിൽ പോയ ഇയാൾ കരാർ കാലാവധി കഴിഞ്ഞാണ് നാട്ടിൽ വന്നത്.
ഇതിൽ പരുമല സ്വദേശിയായ ഒരാൾ വീട് കിട്ടാൻ വേണ്ടി കോടതിയെ സമീപിച്ചിരിക്കുകയാണ്. മറ്റുള്ളവർക്കു പണം തിരികെ നൽകാമെന്ന ഇടനിലക്കാരുടെ ഉറപ്പിൽ കേസൊഴിവാക്കി.
പ്രാദേശിക രാഷ്ട്രീയ നേതാക്കളുമായി നല്ല ബന്ധമാണ് ഇയാൾക്കുള്ളത്. ബോബിക്ക് ലഭിച്ചിരുന്ന പണത്തിന്റെ ഒരു ഭാഗം ചെലഴിച്ചിരുന്നത് ആർഭാടജീവിതത്തിനാണ്.
സുഹൃത്തുക്കളുമായി കറങ്ങി നടക്കുകയാണ് പ്രധാന പരിപാടി. ഭക്ഷണപ്രിയനായ ഇയാൾ എറണാകുളത്തും മറ്റുമുള്ള മുന്തിയ ഹോട്ടലുകളിലാണ് ഭക്ഷണം കഴിച്ചിരുന്നത്.