രണ്ടുവയസുകാരിയെ മരണത്തിന്റെ കൈയിൽ നിന്നു രക്ഷിച്ച ഡെലിവറി ബോയ് ആണ് ഇപ്പോൾ വിയറ്റ്നാമിലെ ഹീറോ.
ഒരു പാക്കേജ് എത്തിക്കാനെത്തിയതായിരുന്നു മുപ്പത്തിയൊന്നുകാരനായ എൻഗോക് മാൻ. കാറിലിരുന്നപ്പോഴാണ് അടുത്തുളള കെട്ടിടത്തിൽനിന്ന് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടത്.
അമ്മ വഴക്കു പറഞ്ഞിട്ട് ഏതോ കുഞ്ഞുകരയുകയാണെന്നാണ് മാൻ ആദ്യം കരുതിയത്.
പെട്ടെന്നാണ് മുതിർന്ന ഒരാളുടെ നിലവിളി കൂടി യാൻ കേട്ടത്. കാറിൽനിന്നു ചാടിയിറങ്ങിയ മാൻ കണ്ടത് അടുത്തുള്ള 16 നിലക്കെട്ടിടത്തിന്റെ പന്ത്രണ്ടാംനിലയുടെ ബാൽക്കണിയിൽനിന്ന് ഒരു കുഞ്ഞ് തൂങ്ങിക്കിടന്നു കരയുന്നതാണ്.
അതു കണ്ട അടുത്തുള്ള കെട്ടിടത്തിലെ ആരോ ആണ് സഹായത്തിന് അലറിയത്. മാൻ പെട്ടെന്നു കാറിന്റെ മുകളിൽക്കയറി സമീപത്തെ കെട്ടിടത്തിന്റെ മേൽക്കൂരയിലേക്കു പിടിച്ചുകയറി.
പക്ഷേ മേൽക്കൂര വളഞ്ഞതായതിനാൽ അയാളുടെ കാലിടറി ഇരുന്നുപോയി. പെട്ടെന്ന് കുഞ്ഞ് താഴേക്കുവീണു. മാൻ കുട്ടിയെ പിടിക്കാൻ കൈനീട്ടിയെങ്കിലും കുട്ടി അയാളുടെ മടിയിലാണ് വീണത്.
വീഴ്ചയിൽ കുഞ്ഞിന്റെ ഡിസ്ക് തെറ്റിയിരുന്നു. ജീവന് അപകടമില്ലാതെ കുഞ്ഞ് രക്ഷപ്പെട്ടതിന്റെ സന്തോഷത്തിലാണ് മാതാപിതാക്കളും മാനും. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.