പൂച്ചാക്കൽ: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ബ്രേക്ക് ദ ചെയിൽ കാമ്പയിൻ ജില്ലയിലെ സർക്കാർ ഓഫീസുകളിലെല്ലാം ശക്തമായി തുടരുമ്പോൾ അണു നശീകരണത്തിന്റെ ഭാഗമായി ജില്ലയുടെ പല ഭാഗങ്ങളിൽ സ്ഥാപിച്ച കൈ കഴുകൽ കേന്ദ്രങ്ങൾ അപ്രത്യക്ഷമാകുന്നു. ഉള്ളവ പ്രവർത്തനയോഗ്യമല്ലാത്ത അവസ്ഥയിലുമാണ്.
ലോക്ക് ഡൗണിന്റെ ആദ്യഘട്ടത്തിൽ രാഷ്ട്രീയ സംഘടനകളും മറ്റ് സംഘടനകളും കൈ കഴുകൽ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ മത്സരിച്ചിരുന്നു. പിന്നീട് ഇവ സംരക്ഷിക്കാതായതോടെ കൈകഴുകൽ കേന്ദ്രങ്ങൾ പ്രവർത്തനരഹിതമായി.
തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള അഞ്ച് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലായി നൂറിലധികം കേന്ദ്രങ്ങളാണ് സ്ഥാപിച്ചിരുന്നത്. ഇതിൽ ഭൂരിഭാഗവും ഇപ്പോൾ പ്രവർത്തിക്കുന്നില്ല.
ഓരോ ദിവസം കഴിയുംതോറും ആദ്യഘട്ടത്തിനേക്കാൾ പതിൻമടങ്ങ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വ്യാപനം തടയുന്നതിനായി അണുനശീകരണം കൂടിയേ തീരൂ.
ജനസമ്പർക്കം കൂടുതലുള്ള ബാങ്കുകളിലും എടിഎം കൗണ്ടറുകളിലും ഇതിന് സംവിധാനം ഇല്ല. എന്നാൽ സെക്യൂരിറ്റി ജീവനക്കാർ ഉളള ബാങ്കുകളിലും എടിഎം സെന്ററുകളിലും സാനിറ്റൈസർ ഉപയോഗിക്കുന്നുണ്ട്.
സർക്കാർ സ്ഥാപനങ്ങളിൽ കൈ കഴുകൽ കേന്ദ്രവും സാനിറ്റൈസർ ഉപയോഗവും ഉണ്ടെങ്കിലും ഭൂരിഭാഗം സ്വകാര്യ സ്ഥാപനങ്ങളിലും ഈ സംവിധാനം ഇല്ല.
വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ ഇത്തരം സംവിധാനങ്ങൾ കാര്യമായി പ്രവർത്തിക്കുന്നുണ്ടോയെന്ന് അധികൃതർ പരിശോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.