തിരുവനന്തപുരം: ബ്രൂവറി വിഷയത്തിൽ മുഖ്യമന്ത്രിയുമായി സംവാദത്തിനു തയാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എൽഡിഎഫിൽ ഘടകകക്ഷികൾ അപമാനിക്കപ്പെടുകയാണ്. തീരുമാനങ്ങൾ മുഖ്യമന്ത്രി അടിച്ചേൽപ്പിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
സാധാരണ പിണറായി വിജയൻ സിപിഐയെ എകെജി സെന്ററിൽ വിളിച്ച് വരുത്തിയാണ് അപമാനിക്കുന്നത്. ഇപ്പോൾ സിപിഐ ആസ്ഥാനത്ത് പോയി പിണറായി വിജയൻ അവരെ അപമാനിച്ചു.
സിപിഐ നിലപാട് ഇല്ലാത്ത പാർട്ടിയായി മാറി. എലത്തൂരിൽ മദ്യനിർമാണശാല പാടില്ലെന്നാണ് യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും നിലപാടെന്നും വി.ഡി. സതീശൻ പറഞ്ഞു.
ശശിതരൂരിന്റെ ലേഖനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കണക്കുകൾ തെറ്റാണെന്ന് താൻ തെളിയിച്ചു. തരൂരുമായി അഭിപ്രായ ഭിന്നതയില്ല. വ്യവസായമന്ത്രി പറഞ്ഞത് ഊതിപ്പെരുപ്പിച്ച കണക്കുകളാണ്.
കോണ്‍ഗ്രസിൽ ഐക്യമില്ലെന്ന് പറയുന്നത് വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. കെ.വി.തോമസിന്റെ യാത്രാബത്ത വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം തെറ്റാണ്. കന്റോണ്‍മെന്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.