മൂന്ന് നില കെട്ടിടം തകർന്ന് വീണ് രണ്ട് പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഉത്തർപ്രദേശിലെ ബരാബങ്കിയിലെ ഫത്തേപൂർ പ്രദേശത്ത് തിങ്കളാഴ്ച പുലർച്ചെയാണ് കെട്ടിടം തകർന്നത്. 15പേർ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.
നിലവിൽ മൂന്ന് പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ദേശീയ ദുരന്തനിവാരണ സേനയും (എൻഡിആർഎഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയും ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്നും പൊലീസ് അറിയിച്ചു.
പന്ത്രണ്ട് പേരെ രക്ഷപ്പെടുത്തി ബരാബങ്കി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ട് പേർ ചികിത്സയ്ക്കിടെ മരിച്ചു. എട്ട് പേരെ മെച്ചപ്പെട്ട പരിചരണത്തിനായി ലഖ്നൗവിലെ കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലേക്ക് മാറ്റിയെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിൽ റോഷ്നി (22), ഹക്കിമുദ്ദീൻ (28) എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ ഉടമ ഹാഷിം ആണെന്ന് ബരാബങ്കി പോലീസ് സൂപ്രണ്ട് ദിനേഷ് കുമാർ സിംഗ് പറഞ്ഞു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിൽ ദുഖം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിക്കുകയും ചെയ്തതായി സംസ്ഥാന തലസ്ഥാനമായ ലഖ്നൗവിൽ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.