മുംബൈ: ഓസ്ട്രേലിയയ്ക്കെതിരേ അവസാന ടെസ്റ്റിൽ പുറത്തു പരിക്കേറ്റ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ഇംഗ്ലണ്ടിനെതിരേ നാട്ടിൽ നടക്കുന്ന ട്വന്റി 20, ഏകദിന പരന്പരകളിലെ ഭൂരിഭാഗം മത്സരങ്ങളിലും കളിച്ചേക്കില്ല.
ഫെബ്രുവരി 19ന് ആരംഭിക്കുന്ന ഐസിസി ചാന്പ്യൻസ് ട്രോഫിക്കു മുന്നോടിയായി താരത്തിന് ആവശ്യത്തിനു വിശ്രമം ലഭിക്കുകയെന്ന ഉദ്ദേശ്യത്തിലാണിത്.
ബോർഡർ-ഗാവസ്കർ ട്രോഫിയിൽ അഞ്ചു മത്സരങ്ങളിലായി 150ലേറെ ഓവർ എറിയേണ്ടിവന്ന ബുംറ 32 വിക്കറ്റുകൾ വീഴ്ത്തി പരന്പരയുടെ താരമായിരുന്നു. പരിക്കിനെത്തുടർന്ന് ബുംറയ്ക്കു സിഡ്നി ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സിൽ പൂർണമായി പന്തെറിയാനായില്ല.
പരന്പരയിലെ അമിത ജോലിഭാരമാണു താരത്തെ പരിക്കിലെത്തിച്ചതെന്നാണ് കരുതുന്നത്. പരിക്ക് ഗുരുതരമല്ലെന്നാണ് ഇതുവരെയുള്ള റിപ്പോർട്ട്. പരിക്കിന്റെ ഗ്രേഡും വ്യക്തമല്ല. ഗ്രേഡ് വണ് പരിക്കാണെങ്കിൽ കളിയിലേക്കു തിരിച്ചെത്തും മുന്പ് രണ്ടു മുതൽ മൂന്നാഴ്ചത്തെ വരെ വിശ്രമം വേണ്ടിവരും.
ഗ്രേഡ് രണ്ടാണെങ്കിൽ കളിയിലേക്കു തിരിച്ചുവരാൻ ആറാഴ്ചത്തെയെങ്കിലും സമയം വേണ്ടിവരും. ഗ്രേഡ് മൂന്നാണെങ്കിൽ (ഗുരുതരമാണെങ്കിൽ) കുറഞ്ഞത് മൂന്നു മാസമെങ്കിലും വിശ്രമം വേണ്ടിവരും. ഫെബ്രുവരി 20നാണ് ചാന്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ ആദ്യ മത്സരം.
ഇംഗ്ലണ്ടിനെതിരേയുള്ള ട്വന്റി 20 പരന്പരയിൽ ബുംറ ഉണ്ടാകില്ലെന്ന് ഉറപ്പായതാണ്. എന്നാൽ ചാന്പ്യൻസ് ട്രോഫി പടിവാതിൽക്കലെത്തിയ സ്ഥിതിക്ക് ഏകദിന പരന്പരയിലെ മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണത്തിലെങ്കിലും ബുംറ കളിച്ചേക്കും. എന്നാൽ, പരിക്കിന്റെ ഗ്രേഡ് അനുസരിച്ചേ ഇക്കാര്യം വ്യക്തമാകൂ. വിശ്രമം കൂടുതൽ വേണ്ടിവന്നാൽ അവസാന ഏകദിനത്തിൽ മാത്രമേ താരം ഇറങ്ങൂ.
ഇംഗ്ലണ്ടിനെതിരേ അഞ്ച് ടി 20യും മൂന്ന് ഏകദിനങ്ങളുമാണുള്ളത്. ടി 20 മത്സരങ്ങൾ 22നു തുടങ്ങും. ഫെബ്രുവരി ആറിന് ഏകദിന പരന്പര തുടങ്ങും.