കോവിഡ്-19: അതിർത്തി അടച്ചു; കെ എസ് ആർ സി ഉൾപ്പടെയുള്ള വാഹനങ്ങളെ കടത്തിവിടുന്നില്ല. പാറശ്ശാല: കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ അതിർത്തിയിലെ തമിഴ്നാട് ചെക്പോസ്റ് അടച്ചു.
കെ എസ് ആർ ടി സി ബസ്സും ഇരുചക്രവാഹനങ്ങളും ഉൾപ്പടെ കേരളത്തിൽ നിന്നും പോകുന്ന വാഹനങ്ങളെയൊന്നും അതിർത്തി കടത്തി വിടുന്നില്ല.
ഇന്ന് പുലർച്ചെ ഒരുമണിയോടെ യാണ് അതിർത്തിയിൽ വാഹനങ്ങൾ തമിഴ്നാട് പോലീസ് തടഞ്ഞു തുടങ്ങിയതെങ്കിലും കെ എസ് ആർ ടി സി ബസ്സിലെ യാത്രക്കാരെ പരിശോധനനക്കു വിധേയമാക്കി കടത്തി വിട്ടിരുന്നു.
ഉന്നതങ്ങളിൽ നിന്നുമുള്ള നിർദേശത്തെ തുടർന്ന് രാവിലെ 9 .15 മണിയോടെ തിരുവനന്തപുരത്തുനിന്നും അതിർത്തിയിലെത്തിയ കെ എസ് ആർ ടി സി യുടെ നാഗർകോവിൽ ബസ്സിനെ തടയുകയായിരുന്നു.
യാത്രക്കാരെയെല്ലാം പുറത്തിറക്കിയശേഷം തമിഴ്നാട് ബസ്സിൽ കയറ്റി അയക്കുകയായിരുന്നു. എന്നാൽ തിരുവനന്തപുരത്തുനിന്നും നാഗർകോവിൽ ബസ്സ് ഉൾപ്പടെ കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ എത്തുന്ന തമിഴ്നാട് രജിസ്ട്രേഷൻ വാഹനങ്ങളെയൊന്നും തടയുന്നില്ല.
ബസുകളിലെ യാത്രക്കാരെ പുറത്തിറക്കി പരിശോധനക്ക് വിധേയമാക്കി കടത്തി വിടുന്നു. തമിഴ്നാട് ബസ്സുകളെ പരിശോധനക്ക് വിധേയമാക്കി കടത്തിവിടുകയും കേരളത്തിലെ ബസ്സുകളെ മാത്രം തടയുന്നതു യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയും പ്രതിഷേധത്തിനിടയാക്കുകയും ചെയ്തു.തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് വരുന്ന വാഹനങ്ങളെയൊന്നും തന്നെ തടയുന്നില്ല .
തമിഴ്നാട് വാഹനങ്ങളെയും അതിർത്തിയിൽ തടഞ്ഞു കേരളത്തിലെ വാഹനങ്ങളിൽ കയറ്റി വിടണമെന്ന ആവശ്യവും ശക്തമാണ്. രോഗ ഭീതിയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ പുറത്തിറങ്ങാൻ മടിക്കുന്നുണ്ട് .രാവിലെ നല്ല തിരക്കനുഭവപ്പെടുന്ന കളിയിക്കാവിള ആളൊഴിഞ്ഞ സ്ഥിതിയിലാണ്.
ബസ്സുകളിൽ യാത്രക്കാരും കുറവായതിനാൽ സർവീസുകൾ വളരെയേറ കുറച്ചിട്ടുണ്ട്.