കോഴിക്കോട്: അധ്യയനവര്‍ഷം തുടങ്ങാനിരിക്കേ സമരമുഖത്തേക്ക് വീണ്ടും ബസുടമകള്‍ എത്തുമ്പോള്‍ ദുരിതത്തിലാകുക വിദ്യാര്‍ഥികളും മറ്റ് യാത്രക്കാരും. ഗതാഗതമന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ ജൂണ്‍ ഏഴുമുതല്‍ പണിമുടക്ക് ഉറപ്പായി.
വിദ്യാര്‍ഥികളുടെ മിനിമം കണ്സഷന് 5 രൂപയാക്കണം, കണ്സഷന് നിരക്ക് ടിക്കറ്റിന്റെ 50 ശതമാനമാക്കണം, കണ്സഷന് പ്രായപരിധി നിശ്ചയിക്കണം, ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റ് നിലനിര്‍ത്തണം എന്നിവയാണ് സ്വകാര്യ ബസുടമകള്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍. ഇക്കാര്യങ്ങളിലൊന്നും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.
വിദ്യാര്‍ഥികളുടെ കണ്സഷന് കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ബസുടമകള്‍ നിരന്തരമായി ഉയര്‍ത്തുന്ന ആവശ്യമാണിത്. അതേസമയം കോവിഡനന്തരമുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ബസുടമകള്‍ ഉയര്‍ത്തിയ ചാര്‍ജ് വര്‍ധന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.
കണ്സഷന് ചാര്‍ജ് ഉയര്‍ത്തിയാല്‍ വിദ്യാര്‍ഥിസംഘടനകള്‍ എതുരീതിയില്‍ പ്രതികരിക്കുമെന്ന ആശങ്കയാണ് സര്‍ക്കാരിനുള്ളത്. വിവിധ മേഖലകളിലുണ്ടായ ചാര്‍ജ് വര്‍ധനവ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്ന സാഹചരത്തില്‍ പ്രത്യേകിച്ചും.
തിരുവനന്തപുരം: സ്വകാര്യബസ് ഉടമകൾ ഗതാഗതമന്ത്രിയുമായി നടത്തിയ ചർച്ച പരാജയം. ജൂണ്‍ ഏഴ് മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് കാട്ടി സമരസമിതി മന്ത്രിക്ക് നോട്ടീസ് നൽകി. ഇന്ന് രാവിലെയാണ് ഗതാഗത മന്ത്രി ആന്റണിരാജുവുമായി പ്രൈവറ്റ് ബസ് ഉടമകൾ ചർച്ച നടത്തിയത്.
ബസ് ഉടമകളുടെ ആവശ്യങ്ങൾക്ക് മന്ത്രി വ്യക്തമായ മറുപടിയൊ ഉറപ്പൊ നൽകിയില്ലെന്ന് സമരസമിതി നേതാക്കൾ വ്യക്തമാക്കി. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മാത്രമാണ് മന്ത്രി അറിയിച്ചത്.
ഇതേ തുടർന്നാണ് അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകാൻ തങ്ങൾ നിർബന്ധിതരായതെന്ന് സമരസമിതി കണ്‍വീനർ ടി. ഗോപിനാഥ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വിദ്യാർത്ഥി കണ്സഷൻ മിനിമം അഞ്ച് രൂപയാക്കുക, വിദ്യാർത്ഥി കണ്സഷന് പ്രായപരിധി തീരുമാനിക്കുക, കണ്സഷൻ നിരക്ക് ടിക്കറ്റിന്റെ അൻപത് ശതമാനമാക്കുക, ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റ് നിലനിർത്തുക എന്നി ആവശ്യങ്ങളാണ് ബസ് ഉടമകൾ മുന്നോട്ട് വച്ചത്.
അതേസമയം സ്വകാര്യ ബസ് ഉടമകളുടെ സമരപ്രഖ്യാപനം അനാവശ്യമെന്ന് മന്ത്രി ആന്റണി രാജു. ബസ് ഉടമകളുടെ ആവശ്യങ്ങൾ നേരത്തെ പരിഹരിച്ചതാണ്.
നേരത്തെയുള്ള ആവശ്യങ്ങൾ വീണ്ട ും ഉയർത്തി കൊണ്ട ് വന്ന് സർക്കാരിനെ സമ്മർദ്ദത്തിലാക്കാമെന്നാണ് ബസ് ഉടമകൾ കരുതുന്നത്. ഇത് അംഗീകരിക്കാനാകില്ല.
ബസ് ചാർജ് വർധന ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സമിതിയുടെ റിപ്പോർട്ട് വരട്ടെയെന്നും മന്ത്രി പറഞ്ഞു.