കോട്ടയം: കേക്കിന്റെ മാധുര്യമില്ലെങ്കിൽ എന്തു ക്രിസ്മസ് ആഘോഷം. ക്രിസ്മസ് ആഘോഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട വിഭവമായ കേക്കിന്റെ വിപണി സജീവമായി.
കോവിഡ് കാലമാണെങ്കിലും ആഘോഷങ്ങൾക്ക് കുറവുവരുത്താതെ ആളുകൾ എത്തുമെന്ന പ്രതീക്ഷയിലാണ് പ്രമുഖ ബേക്കറികൾ വിവിധ തരത്തിലുള്ള കേക്കുകൾ തയാറാക്കിയിരിക്കുന്നത്.
പ്ലം കേക്കിന് 300 രൂപയാണ് വില. 800 ഗ്രാമാണുള്ളത്. മാർബിൾ കേക്കിനും 300 രൂപയാണ് വില. ക്രീം കേക്കുകൾക്ക് 600 രൂപ മുതലാണ് വില. കേക്ക് നിർമാണത്തിനാവശ്യമായ സാധനങ്ങൾക്ക് വില വർധിച്ചെങ്കിലും കേക്കിന്റെ വില ഇത്തവണ വർധിപ്പിച്ചിട്ടില്ല.
ബ്ലാക്ക് ഫോറസ്റ്റ്, റിച്ച് ഫ്രൂട്ട്, ബദാം, പിസ്ത, കിസ്മിസ്, വാനില, റിച്ച്മണ്ട്സ്, വാൾനട്സ്, ഡ്രൈഫ്രൂട്ട്സ്, ബ്രൗണി, വാൻജോ, പൈനാപ്പിൾ ക്രീം തുടങ്ങിയവയാണ് ഇത്തവണത്തെ ക്രിസ്മസ് സ്പെഷൽ കേക്കുകൾ.
മുൻ വർഷങ്ങളിലേതുപോലെ കാരറ്റ് കേക്കിനും ഡിമാന്ഡ് ഏറെയാണ്. 340 രൂപയാണ് കാരറ്റ് കേക്കിന്റെ വില. ബ്ലാക്ക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ് എന്നിവയ്ക്ക് 600 രൂപയും റെഡ് വെൽവെറ്റിന് 800 രൂപയുമാണ് വില.
വാനിലയും ചോക്ലേറ്റും ചേർന്ന വാൻജോ കേക്കിന് 850 രൂപയാണ് വില. കുട്ടികൾക്കും യുവാക്കൾക്കും ഐസിംഗ് കേക്കുകളോടാണ് താത്പര്യം.
ബ്ലാക്ക്, വൈറ്റ് ഫോറസ്റ്റ് കേക്കുകൾക്കു പിന്നാലെ യൂത്ത് കൂടുതൽ ഇഷ്ടപ്പെടുന്ന കേക്കാണ് വാൻജോ, റിച്ച് ഫ്രൂട്ട് കേക്കുകൾ. നട്സ് ബബ്ളി, സ്നിക്കേഴ്സ്, ടീ കേക്ക്, ബാർ കേക്ക്, ഫ്രഷ് ക്രീം കേക്ക് തുടങ്ങിയവയാണ് ഇത്തവണത്തെ വിപണിയിലെ പുതുമയുള്ള കേക്കുകൾ.
കാരറ്റിനു പുറമേ ഈന്തപ്പഴം, കൈതച്ചക്ക, മാങ്ങാ, ചക്ക, പേരയ്ക്ക, ഓറഞ്ച്, മുന്തിരി, സ്ട്രോബറി തുടങ്ങി വിവിധ ഫ്ളേവറുകളിലുള്ള കേക്കുകളും വിപണിയിലുണ്ട്.
കോവിഡ് കാലമാണെങ്കിലും കേക്ക് വിപണി സജീവമായെന്നും ഇനിയുള്ള ദിവസങ്ങളിൽ കച്ചവടം വർധിക്കുമെന്നും കോട്ടയത്തെ പ്രമുഖ കേക്ക് നിർമാതാക്കളായ കേറ്റർ ബേക്കറി ഉടമ ബോബി തോമസ് മണർകാട് പറഞ്ഞു.