കൊച്ചി: ഓണ്‍ലൈന്‍ വ്യാപര പ്ലാറ്റ്ഫോമായ ഒഎല്‍എക്സില്‍ പരസ്യം നല്കി വില്‍ക്കുന്ന കാറില്‍ ജിപിഎസ് ഘടിപ്പിച്ച ശേഷം പിന്തുടര്ന്നു മോഷ്ടിക്കുന്ന സംഘത്തെ കുടുക്കിയത് പരാതിക്കാരനായ വിജിന്റെ സംശയം.
കാര്‍ വിറ്റവരുടെ രീതികളിലുള്ള സംശയം വാഹനം വാങ്ങിയ വിജിൻ പോലീസിനോടു പറഞ്ഞിരുന്നു. തുടര്‍ന്ന് സൈബര്‍സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണം സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലൂടെ പ്രതികളിലേക്കെത്തുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് പരപ്പനങ്ങാടി ചെട്ടിപ്പടി വെള്ളോടത്തില്‍ ഇക്ബാല്‍ (24), വടക്കേ ചോളക്കകത്ത് മുഹമ്മദ് ഫാഹില്‍ (26), മലപ്പുറം അരിയനല്ലൂര്‍ അയ്യനാവില് കോവില്‍ ശ്യാം മോഹന്‍ (23) എന്നിവരെ കഴിഞ്ഞ ദിവസം പാലാരിവട്ടം പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇവര്‍ മോഷ്ടിച്ച കാറും പിടിച്ചെടുത്തു.
പാലക്കാട് സ്വദേശിയില്‍നിന്നു വാങ്ങിയ വാഹനം പള്ളുരുത്തി സ്വദേശിക്ക് വിറ്റശേഷം മോഷ്ടിച്ച സംഘം, ഒഎല്‍എക്സില്‍ പരസ്യം നല്കി തിരുവനന്തപുരം സ്വദേശിക്കു വിറ്റശേഷം വീണ്ടും മോഷ്ടിക്കുകയായിരുന്നുവന്ന് ഡിസിപി വി.യു. കുര്യാക്കോസ് പറഞ്ഞു.
ഒടുവിലായി കാര്‍ വാങ്ങിയ മരുതംകുഴി സ്വദേശി വിജിന് നല്കിയ പരാതിയിലാണ് ഇവരെ പിടികൂടിയത്.
വില്പന നടത്തിയ അന്നുതന്നെ മോഷണം
കഴിഞ്ഞ എട്ടിന് ഒഎല്‍എക്സില്‍ കാര്‍ വില്പനയ്ക്കെന്ന പരസ്യം കണ്ട് വിജിന് പ്രതികളെ ബന്ധപ്പെടുകയായിരുന്നു. അന്നേ ദിവസം തന്നെ കെഎല്‍ 08 എഡബ്ല്യു 6955 നമ്പറിലുള്ള ഹ്യുണ്ടായ് വെര്‍ണ കാര്‍ കോഴിക്കോട് യൂണിവേഴ്സിറ്റി ഭാഗത്തുവച്ച് വില്പനയും നടന്നു.
തുടര്‍ന്ന് വാഹനത്തെ രഹസ്യമായി പിന്തുടര്‍ന്ന പ്രതികള്‍ പാലാരിവട്ടം ബൈപാസിലെ ഹോട്ടലിന്റെ പാര്‍ക്കിംഗ് ഏരിയയില്നിന്നും കാര്‍ അതിവിദഗ്ധമായി കടത്തുകയായിരുന്നു.
ഹോട്ടലില്‍ ഭക്ഷണം കഴിക്കാനായി കയറിയ വിജിനും കൂട്ടരും പുറത്തിറങ്ങിയപ്പോഴാണ് കാര്‍ മോഷണം പോയതായി അറിയുന്നത്. തുടര്‍ന്നു പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
മോഷണത്തിനു ശേഷം വയനാട്ടിലും പിന്നീട് ബംഗളൂരുവിലും ആഢംബര ജീവിതം നയിച്ചുവരുമ്പോഴാണ് പ്രതികള്‍ പോലീസിന്റെ പിടിയിലായത്.
മുൻപും വില്പന
ഇതേ വാഹനം പള്ളുരുത്തി സ്വദേശിക്ക് ജനുവരി ആദ്യം വില്പന നടത്തിയ സംഘം ഈ മാസം ഡൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് തട്ടിയെടുക്കുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കി.
രാത്രിയാണ് ഇവര്‍ വില്പനകള് നടത്തിയിരുന്നത്. പാലക്കാട് സ്വദേശിയുടെ കൈയില്‍നിന്നു കാര്‍ വാങ്ങിയതിന്റെ പണം നല്‍കാത്തതുമായി ബന്ധപ്പെട്ട കേസ് പാലക്കാട് സ്റ്റേഷനിലുണ്ട്.
കാര്‍ വാങ്ങിനല്‍കാമെന്നു പറഞ്ഞ് വളപട്ടണം സ്വദേശിയെ കബളിപ്പിച്ച് ആറുലക്ഷം തട്ടിയതിന് വളപട്ടണം സ്റ്റേഷനിലും ഇവര്‍ക്കെതിരേ കേസുണ്ട്. ഈ കേസില്‍ ഒളിവില്‍ കഴിയവേയാണ് പള്ളുരുത്തി സ്വദേശിയെയും തിരുവനന്തപുരം സ്വദേശിയെയും ഇവര്‍ തട്ടിപ്പിനിരയാക്കിയത്.
പാലാരിവട്ടം സിഐ എസ്. സനലിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ ജോസി, ജയകുമാര്‍, എഎസ്ഐമാരായ സോമന്, അനില്‍, സീനിയര്‍ സിപിഒ രതീഷ്, സിപിഒ മാഹിന്‍, അരുണ്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്.