കൊച്ചി: വാഹനം വാടകയ്ക്കെടുത്ത് മറിച്ചു വില്‍ക്കുന്ന സംഘത്തെ സഹായിച്ച കേസില്‍ അറസ്റ്റിലായ ഷൗക്കത്തിനു പിന്നില്‍ കൂടുതല്‍ പേര് ഉണ്ടെന്ന് സൂചന. കേസുമായി ബന്ധപ്പെട്ട് എറണാകുളം മലയിടംതുരുത്ത് എഴിപ്പുറം കണ്ണപ്പന്ചാലില് ഷൗക്കത്തി(25)നെയാണ് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
‘സൂംകാര്‍’ എന്ന ആപ്പ് വഴി കാര്‍ വാടകയ്ക്കെടുത്ത് ജിപിഎസ് സംവിധാനം തകര്‍ത്ത് കാര്‍ തിരികെ നല്‍കാതെ മുങ്ങുകയാണ് സംഘം ചെയ്യുന്നത്. പ്രതിക്ക് കോയമ്പത്തൂരില്‍ വാഹന വിൽപ്പന നടത്തുന്ന സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പോലീസിന് ലഭ്യമായ വിവരം.
ഇവരെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം പോലീസ് സംഘം കോയമ്പത്തൂരില്‍ എത്തിയെങ്കിലും സംഘത്തില്‍പ്പെട്ടവരെ കണ്ടെത്താനായില്ല.
കേസില്‍ ദമ്പതികളായ കോട്ടയം എടപ്പാടി ഭരണങ്ങാനം പാന്ങ്കോട്ടില് അമല്‍ ജെയിന്, മുണ്ടക്കയം പറയില്പുരയിടം വിന്‍സിമോള്‍ എന്നിവരെ സൗത്ത് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രവിപുരം സ്വദേശിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. കാര്‍ വില്ക്കാന് ദമ്പതികളെ സഹായിച്ചയാളാണ് ഷൗക്കത്ത്.
കൊച്ചി സിറ്റിയിലെ വിവിധ സ്റ്റേഷനുകളില്‍ ഷൗക്കത്തിനെതിരെ സമാന കേസുകള്‍ നിലവിലുണ്ട്. എറണാകുളം അസി. കമ്മീഷണര്‍ പി. രാജ്കുമാറിന്റെ നിര്‍ദേശാനുസരണം എസ്ഐമാരായ സി. ശരത്ത്, സി. അനില്‍കുമാര്‍, കെ.വി. ഉണ്ണികൃഷ്ണന്, അസി. സബ് ഇന്‍സ്പെക്ടര്‍ ആനന്ദ്, സിപിഒമാരായ നിഖില്‍, സിനീഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.