കോളജില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുസ്ലിംമത പ്രാര്‍ഥന നടത്തിയതിന്റെ പേരില്‍ പ്രിന്‍സിപ്പലിനെതിരേ കേസ്.
മഹാരാഷ്ട്രയിലെ മാലേഗാവ് മഹാരാജ സയജിറാവു ഗയ്ഖ്വാദ് ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സുഭാഷ് നികത്തിന് എതിരെയാണ് നടപടി.
കോളജില്‍ നടന്ന കരിയര്‍ ഗൈഡന്‍സ് സെമിനാറിനിടെയാണ് സംഭവം. ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവ് ഡോ. അപൂര്‍വ ഹിറായിയുടെ ഉടമസ്ഥതയിലുള്ളതാണ് കോളജ്.
പ്രതിരോധ മേഖലയിലെ സാധ്യതകളെ കുറിച്ച്, സത്യ മാലിക് സേവാ ഗ്രൂപ്പ് എന്ന സന്നദ്ധ സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്. അനീസ് ഡിഫന്‍സ് കരിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അനീസ് കുട്ടി ആയിരുന്നു മുഖ്യ അതിഥി.
പരിപാടി തുടങ്ങുന്നതിന് തൊട്ടുമുന്‍പായി മുസ്ലിം പ്രാര്‍ത്ഥന പാരായണം നടത്തി. ഇതേത്തുടര്‍ന്ന് പരിപാടിയിലേക്ക് പുറത്തുനിന്ന് ചിലരെത്തി പ്രതിഷേധിക്കുകയായിരുന്നു.
ഇസ്ലാം മതം പ്രചരിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
എന്നാല്‍, പരിപാടി സംഘടിപ്പിച്ച സംഘടന സ്ഥിരമായി നടത്തുന്ന പ്രാര്‍ത്ഥനാ ഗീതമാണ് ഇതെന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്.
വിഷയം വിവാദമായതോടെ, നടപടി ആവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ രംഗത്തെത്തി.
മഹാരാഷ്ട്ര തുറമുഖ വികസന വകുപ്പ് മന്ത്രി ദാദാ ഭൂസേയും കോളജിന് എതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.