പൂഞ്ഞാറില്‍ യാത്രക്കാരുടെ ജീവന് അപകടമുണ്ടാക്കുന്ന രീതിയില്‍ വെള്ളക്കെട്ടിലൂടെ കെഎസ്ആര്‍ടിസി ബസോടിച്ച ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യനെതിരേ പോലീസ് കേസെടുത്തു.
ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ജയനാശാനെതിരേ കേസെടുത്തിരിക്കുന്നത്. കെഎസ്ആര്‍ടിസി നല്കിയ പരാതിയിലാണ് ഡ്രൈവര്‍ക്കെതിരേ നടപടി.
വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയതാണ് ഡ്രൈവര്‍ ജയദീപിനെതിരെയുള്ള നടപടിക്ക് കാരണമായി കെഎസ്ആര്‍ടിസി മാനേജ്മെന്റ് പറയുന്നത്.
ബസ് വെള്ളക്കെട്ടിലിറക്കിയതു വഴി കേടുപാടുകളുണ്ടായതു മൂലം 5,33,000 രൂപ കെഎസ്ആര്‍ടിസിക്ക് നഷ്ടമുണ്ടായതായാണ് പരാതി. ബസിന് നാശനഷ്ടം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഡ്രൈവര്‍ വെള്ളക്കെട്ടില്‍ ഇറക്കിയതെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
ഈരാറ്റുപേട്ടയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്.
തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്ത് എത്തിക്കുകയായിരുന്നു. സംഭവം വിവാദമായത്തിന് പിന്നാലെ ജയദീപനെ സസ്പെന്റ് ചെയ്യുകയും ഇയാളുടെ ലൈസന്‍സ് സസ്പെന്റ് ചെയ്യാനുള്ള നടപടികള്‍ തുടങ്ങുകയും ചെയ്തിരുന്നു.
ജയദീപിന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികളും ഗതാഗത വകുപ്പ് ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജയദീപിനോട് വിശദീകരണം തേടിയിരിക്കുകയാണ്.
ഇതിനിടെയാണ് ജയദീപിനെതിരെ കേസെടുത്തിരിക്കുന്നത്.യാത്രക്കാരുടെ ജീവന് അപകടത്തിലാക്കി എന്നാരോപിച്ച് ജയദീപിനെ നേരത്തെ തന്നെ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശപ്രകാരം സസ്പെന്‍ഡ് ചെയ്തിരുന്നു.
സസ്പെന്ഷന് ലഭിച്ചതിനെത്തുടര്‍ന്ന് കെഎസ്ആര്‍ടിസിയുടെ നടപടിയെ പരിഹസിച്ച് ജയദീപ് സാമൂഹിക മാധ്യമങ്ങളില്‍ തലങ്ങും വിലങ്ങും പോസ്റ്റുകളുമായി സജീവമായിരുന്നു.
ജനങ്ങളെ രക്ഷിച്ച സൂപ്പര്‍ഹീറോയാണ് താന്‍ എന്ന തരത്തിലായിരുന്നു പോസ്റ്റുകള്‍. തൊട്ടുപിന്നാലെ ജയദീപിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ നടപടി തുടങ്ങിയതായി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റും അറിയിച്ചു.
യാത്രക്കാരുടെ ജീവന് രക്ഷിക്കാനാണ് താന്‍ ശ്രമിച്ചതെന്നായിരുന്നു ഡ്രൈവര്‍ ജയദീപിന്റെ വാദം. എന്നാല്‍, ഇത് അംഗീകരിക്കാതെയാണ് സസ്പെന്ഷന് വന്നത്.
യാത്രക്കാരുടെ ജീവന് അപകടമുണ്ടാക്കുന്ന വിധത്തിലും വണ്ടിക്കു തകരാര്‍ വരുന്ന വിധത്തിലും ഓടിച്ചെന്ന കുറ്റം ചുമത്തിയായിരുന്നു സസ്പെന്ഷന്.
തന്നോടു യാതൊരു വിശദീകരണം ചോദിക്കാതെയാണ് സസ്പെന്‍ഡ് ചെയ്തതെന്നും താന്‍ യാത്രക്കാരെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നുമാണ് ആശാന് വാദിച്ചത്.
വണ്ടിക്കു യാതൊരു കുഴപ്പമില്ലെന്നു ടെക്നീഷ്യന്മാര് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും അതിനു ശേഷവും തന്നെ സസ്പെന്‍ഡ് ചെയ്ത പ്രകോപനത്തിലാണ് പോസ്റ്റ് ഇട്ടതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു
മാത്രമല്ല, ഇന്‍ഷ്വറന്‍സോ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റോ ടാക്സോ ഒന്നുമില്ലാത്ത ബസ് ഓടിക്കാന്‍ തന്റെ തലയില്‍ കെട്ടിവച്ചു തന്ന കെഎസ്ആര്‍ടിസിയാണ് വലിയ കുറ്റം ചെയ്തിരിക്കുന്നത്.
എന്നിട്ട് ഇല്ലാത്ത കുറ്റം ചുമത്തി തന്നെ സസ്പെന്‍ഡ് ചെയ്തു. ഇന്‍ഷ്വറന്‍സ് ഇല്ലാത്ത വാഹനം ഓടിക്കുന്നതു കുറ്റകൃത്യമായ നാട്ടിലാണ് അതൊന്നുമില്ലാത്ത ബസ് ഓടിക്കാന്‍ തന്നുവിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്തായാലും ജയനാശാനെ പോലീസ് ഇടംവലം പൂട്ടിയിരിക്കുകയാണ്.