വൈപ്പിൻ: നിനച്ചിരിക്കാതെ കടലിൽനിന്ന് കായലിലേക്ക് വിരുന്നു വന്ന ചാളക്കൂട്ടങ്ങൾ ഫോർട്ടുവൈപ്പിൻ, ഫോർട്ടുകൊച്ചി ജെട്ടികളിൽ ചാകരയുടെ പ്രതീതിയുണർത്തി.
കൊച്ചി അഴിയിലൂടെ കായലിനു മേലെ മഴ പെയ്യും പോലെ കിഴക്കോട്ട് പെയ്ത് നീങ്ങിയ ചാളക്കൂട്ടങ്ങൾ രണ്ടായി പിരിഞ്ഞ് ഫോർട്ടുകൊച്ചി ജങ്കാർ ജെട്ടി ഭാഗത്തേക്കും, വൈപ്പിൻ ജങ്കാർജെട്ടി ഭാഗത്തേക്കും തിരിയുകയായിരുന്നു.
കരയിലേക്ക് അടിഞ്ഞെത്തിയതോടെ നാട്ടുകാർക്കും, അതുവഴി വന്ന യാത്രക്കാർക്കും അത്ഭുതമായി. കരയിലേക്ക് ചാടി വീഴുന്ന ചാളകൾ ആളുകൾ കൂട്ടത്തോടെ പെറുക്കാൻ തുടങ്ങിയതോടെ ബഹളമയമായി.
ഈ സമയത്തുതന്നെ നേരെ പടിഞ്ഞാറ് കടൽ തീരത്തും ചാളകൂട്ടം ഇരച്ചു കയറി. അഴിമുഖത്തെ ചീനവലക്കാർക്കും ചാളക്കോള് കിട്ടി. വാരിയെടുത്തവർക്ക് 500 മുതൽ 2000 രൂപയ്ക്ക് വരെ ചാള ലഭിച്ചു. യാത്രക്കാർ പലരും ചാള കിറ്റുകളിലാക്കി വീടുകളിലേക്കും കൊണ്ടുപോയി.