ജാർഖണ്ഡ്: ബിജെപിക്കെതിരേ രൂക്ഷ വിമർശനവുമായി ജാർഖണ്ഡ് മുഖ്യമന്ത്രി ചമ്പൈ സോറൻ. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തിയില്ലെങ്കിൽ ആദിവാസികൾക്ക് ആപത്താണ്. ആദിവാസികളുടെ ഭൂമി പാർട്ടി കൊള്ളയടിക്കുകയും വനങ്ങളിൽ നിന്നും കൽക്കരി നിക്ഷിപ്ത പ്രദേശങ്ങളിൽ നിന്നും അവരെ പിഴുതെറിയുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ആദിവാസി അവകാശങ്ങൾ സംരക്ഷിക്കുന്ന നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനു കേന്ദ്രസർക്കാർ ശ്രമിക്കുകയാണ്. അത്തരം ശ്രമങ്ങൾക്കെതിരേ സംസ്ഥാനം പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വനാവകാശ നിയമത്തിൽ ബിജെപി സർക്കാർ ഭേദഗതി വരുത്തി. അതുപോലെ കൽക്കരി ബേറിങ് ഏരിയാ ആക്ട്, ഛോട്ടാനാഗ്പൂർ ടെനൻസി ആക്ട് എന്നിവ ഭേദഗതി ചെയ്യാൻ ശ്രമം നടക്കുന്നുണ്ടെന്നും ചമ്പൈ സോറൻ പറഞ്ഞു. ജാർഖണ്ഡ് നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.