മറയൂർ: ചന്ദന കള്ളക്കടത്തിനെ സംബന്ധിച്ച വിവരം വനപാലകരെ അറിയിച്ചതിന്റെ വൈരാഗ്യത്തിൽ ആദിവാസി യുവതിയെ ചന്ദന മോഷ്ടാക്കൾ വെടിവച്ചുകൊന്നു. കാന്തല്ലൂർ പഞ്ചായത്തിലെ പാളപ്പെട്ടി ആദിവാസി കുടിയിലെ കണ്ണന്റെ മകൾ ചന്ദ്രിക (35)യാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഇതേ ഉൗരിലെ കാളിയപ്പൻ, സുഹൃത്ത് മണികണ്്ഠൻ, ചന്ദ്രികയുടെ സഹോദരി പുത്രൻ ചാപ്ലി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാളിയപ്പനാണ് ചന്ദ്രികയെ വെടി വച്ചതെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. ഇരുവരും നിരവധി ചന്ദന മോഷണക്കേസുകളിൽ പ്രതികളാണ്.
ചിന്നാർ വന്യജീവി സങ്കേതത്തിനും മറയൂർ ചന്ദന റിസർവിനും സമീപത്തുള്ള ആദിവാസി കുടിയാണ് പാളപ്പെട്ടി. മറയൂരിൽ നിന്നു 15 കിലോമീറ്റർ വാഹനത്തിലും പിന്നീട് ഏഴു കിലോമീറ്റർ കാൽനടയായും സഞ്ചരിച്ചു വേണം ഇവിടെയെത്താൻ.
പാളപ്പെട്ടി കുടിയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ കേപ്പ് കൃഷി ചെയ്യുന്ന ഭാഗത്ത് വച്ചാണ് ചന്ദ്രികയ്ക്ക് വെടിയേറ്റത്. പോലീസ് കസ്റ്റഡിയിലുള്ള മണികണ്ഠനെ കഴിഞ്ഞ മാസം 22 ന് ചന്ദനമോഷണക്കേസിൽ വനപാലകർ പിടി കൂടിയിരുന്നു.
കാളിയപ്പൻ കസ്റ്റഡിയിൽ
വനംവകുപ്പ് താത്ക്കാലിക വാച്ചർമാരാണ് ഇയാളുടെ ചന്ദന മോഷണത്തെ സംബന്ധിച്ച് വിവരം നൽകിയത്. ജാമ്യത്തിലിറങ്ങിയ മണികണ്ഠൻ വാച്ചർമാരെ ആക്രമിക്കാൻ പദ്ധതിയിട്ടു. ഇതിനായി കാളിയപ്പനെ കൂട്ടി പോകുന്പോഴാണ് കൃഷിക്ക് കാവൽ നിൽക്കുകയായിരുന്ന ചന്ദ്രികയെ കാണുന്നത്.
ചന്ദ്രിക ഇവരെ തടയാൻ ശ്രമിച്ചപ്പോഴാണ് ഇവർക്കു നേരെ നാടൻ തോക്കുപയോഗിച്ച് വെടിയുതിർത്തത്. വെടിശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കാളിയപ്പനെ കെട്ടിയിട്ട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
ചന്ദ്രിക ഇതിനോടകം മരിച്ചിരുന്നു. മറയൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വനംവകുപ്പ് ട്രൈബൽവാച്ചർ പരമശിവത്തിന്റെ സഹോദരിയാണ് ചന്ദ്രിക.