തിരുവനന്തപുരം: പുതുപ്പള്ളി എംഎൽഎയായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ പത്തിന് നിയമസഭയിൽ സ്പീക്കർ എ.എൻ.ഷംസീർ മുൻപാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. പ്രതിപക്ഷ അംഗങ്ങൾ കരഘോഷം മുഴക്കി ചാണ്ടി ഉമ്മനെ വരവേറ്റു.
സത്യപ്രതിജ്ഞക്ക് ശേഷം ചാണ്ടി ഉമ്മൻ സ്പീക്കറുടെ ഡയസിലെത്തി സ്പീക്കറെ കണ്ടു. ട്രഷറി ബഞ്ചിലെത്തി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിവിധ കക്ഷി നേതാക്കളെയും കണ്ട് ഹസ്തദാനം നടത്തി.
പിന്നീട് ചാണ്ടി ഉമ്മനായി അനുവദിച്ച സീറ്റിലേക്ക് മടങ്ങി. രാവിലെ പള്ളിയിലും ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം സത്യപ്രതിജ്ഞക്കായി നിയമസഭയിലെത്തിയത്.
നിയമസഭയിൽ പ്രതിപക്ഷ നിരയുടെ പിന്‍ഭാഗത്ത് തൃക്കാക്കര എംഎല്‍എ ഉമാ തോമസിന് സമീപമാണ് ചാണ്ടി ഉമ്മന്റെ ഇരിപ്പടം. ഉമ്മന്‍ചാണ്ടിയുടെ നിയമസഭയിലെ ഇരിപ്പിടം നേരത്തെ എല്‍ജെഡി എംഎല്‍എ കെ പി മോഹനന് നല്‍കിയിരുന്നു.
സത്യപ്രതിജ്ഞാ ചടങ്ങ് കാണാൻ മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ എത്തിയിരുന്നു. മറിയാമ്മ ഉമ്മനും മകൾ മറിയവും ഗാലറിയിൽ ഇരുന്ന് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷികളായി.