ചങ്ങനാശേരി: സന്ധ്യയായാല്‍ കെഎസ്ആര്‍ടിസി ബസുകള്‍ ചങ്ങനാശേരി സ്റ്റാന്‍ഡില്‍ കയറുന്നില്ലെന്നു യാത്രക്കാർ. അധികാരികൾ നടപടി സ്വീകരിക്കുന്നില്ലെന്നും യാത്രക്കാർ പറയുന്നു.
വൈകുന്നേരം ഏഴു കഴിയുന്നതോടെ തിരുവല്ല ഭാഗത്തുനിന്നു കോട്ടയത്തേക്കും തിരികെ തിരുവല്ല ഭാഗത്തേക്കും പോകുന്ന ബസുകള്‍ ബസ് സ്റ്റാന്‍ഡിനു മുമ്പില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയുമാണു ചെയ്യുന്നത്.
വിഷയം വകുപ്പ് മന്ത്രിയുടെയും കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടറുടെയും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. ബസുകള്‍ സ്റ്റാന്ഡിനുള്ളിലാണോ റോഡിലാണോ നിര്‍ത്തുന്നതെന്ന സംശയവും യാത്രക്കാരിലുണ്ട്.
ഇതുമൂലം ചില യാത്രക്കാര്‍ സ്റ്റാന്‍ഡിനുള്ളില്‍ നിന്നു റോഡിലേക്കും ചില യാത്രക്കാല്‍ റോഡില്‍ നിന്നു സ്റ്റാന്ഡിനുള്ളിലേക്കും ഓടുന്ന കാഴ്ചയും നിത്യസംഭവമാണ്.
8.30 വരെയെങ്കിലും ബസുകള്‍ സ്റ്റാന്‍ഡിനുള്ളില്‍ കയറാന്‍ അധികാരികള്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്. ഈ വിഷയം ഉന്നയിച്ച് രാഷ്ട്രീയ സംഘടനകള്‍ സമരത്തിനൊരുങ്ങുകയാണ്.