വൈപ്പിൻ : കടലിൽ ചെമ്മീനുണ്ട് പക്ഷേ തീരക്കടലിൽ കടൽപ്പന്നിയുടെ ശല്യവും കടൽ ചൊറിയുടെ ആധിക്യവും മൂലം വലയിടാൻ കഴിയുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ. മത്സ്യം കണ്ട് വലയിട്ടാൽ ഉടൻ തന്നെ കടൽപ്പന്നിക്കൂട്ടം വലക്ക് പുറമെ വളഞ്ഞ് വലകടിച്ചു കീറുകയാണത്രേ.
ഇതോടെ വലയിൽ കുടുങ്ങിയ മത്സ്യങ്ങൾ കീറൽ ഉള്ള ഭാഗങ്ങളിലൂടെ ചോർന്നു പോകുമെന്ന് മാത്രമല്ല വല പിന്നീട് അറ്റകുറ്റപ്പണികൾ ചെയ്യണമെങ്കിൽ പതിനായിരങ്ങൾ ചെലവാക്കുക കൂടിവേണം. പണിയും മുടങ്ങും. അതേ പോലെ വലയിട്ടാൽ മത്സ്യക്കൂട്ടത്തോടൊപ്പം കടൽചൊറിയും വലിച്ചു വള്ളത്തിൽ കയറ്റേണ്ട അവസ്ഥയാണ്.
ലോക്ക് ഡൗണ്‍ നിയന്ത്രങ്ങളിൽ ഇളവ് ലഭിച്ചതിനെത്തുടർന്ന് ഇന്നലെ കൊച്ചിയിൽ നിന്നും കുറച്ച് വള്ളങ്ങൾ മൂന്നിൽ രണ്ട് ഭാഗം തൊഴിലാളികളുമായി മത്സ്യബന്ധനത്തിനു പോയിരുന്നെങ്കിലും കടൽ പന്നിയുടെ ശല്യം മൂലം ഏല്ലാവരും തന്നെ ഒരു തവണമാത്രം വലയിട്ടശേഷം കിട്ടിയ ചെമ്മീനുമായി മടങ്ങുകയാണ് ചെയ്തത്.
ഇനി ട്രോളിംഗ് നിരോധനം തുടങ്ങുന്ന മുറയ്ക്ക് കടലിൽ ചെമ്മീൻ വ്യാപകമായി ലഭിക്കുമെന്ന കണക്കുകൂട്ടലാണ് മത്സ്യത്തൊഴിലാളികൾക്കുള്ളത്. എന്നാൽ പന്നിയും കടൽചൊറിയും ചാകരകൊയ്ത്തിനു തടസമാകുമോ എന്ന ആശങ്കയും മത്സ്യതൊഴിലാളികൾക്കുണ്ട്.
അതേ സമയം മുഴവുൻ വള്ളങ്ങളും ഇന്നലെ കടലിൽ പോയില്ല. പല വള്ളങ്ങളും ലോക്ക് ഡൗണ്‍ മൂലം പോകാതെ കരയിൽ കെട്ടിയിട്ടതിനാൽ വള്ളത്തിനും വലക്കും കേടുപാടുകൾ ഉണ്ട് .
ഇത് പരിഹരിച്ച ശേഷമേ ഇവർക്ക് കടലിൽ പോകാൻ കഴിയു. അതേ സമയം സാന്പത്തിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ സർക്കാരോ മത്സ്യഫെഡോ കനിയണമെന്ന് പരന്പരാഗത മത്സ്യത്തൊഴിലാളി സമിതി ജില്ലാ സെക്രട്ടറി പി.വി. ജയൻ ആവശ്യപ്പെട്ടു.