കോഴിക്കോട്: യുഡിഎഫ് ഐതിഹാസിക വിജയം നേടി അധികാരത്തില്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയ്ക്കു പിന്നാലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ അനുവദിക്കാരുതെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശവുമായി രമേശ് ചെന്നിത്തല.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ കാര്യത്തില്‍ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
വോട്ടെണ്ണല്‍ ദിനം കഴിയുന്നത് വരെ സ്ട്രോംഗ് റൂമിന്റെ പുറത്ത് കൃത്യമായ നിരീക്ഷണം ഉറപ്പുവരുത്തണമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
തുടര്‍ന്ന് എല്ലാ ജില്ലകളിലും ഡിസിസി പ്രസിഡന്റുമാര്‍ ഒരു കോണ്‍ഗ്രസ് പ്രതിനിധിയെ നിരീക്ഷണത്തിനായി ചുമതലപ്പെടുത്തി.
ഫലം വരുന്നതുവരെ ഔദ്യോഗിക പ്രതിനിധികള്‍ മാറിമാറി സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് യു.രാജീവന് അറിയിച്ചു.
സ്ട്രോംഗ് റൂം നിരീക്ഷണം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെയും രമേശ് ചെന്നിത്തല പ്രവര്‍ത്തര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വോട്ടര്‍ പട്ടികയില്‍ നടന്ന ക്രമക്കേട് എത്രമാത്രം വ്യാപകവും സംഘടിതവുമായിരുന്നു എന്ന് കണ്ടതാണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ ഇലക്ഷന് പ്രക്രിയ അവസാനിക്കാത്തതിനാല്‍ മേയ് രണ്ടിനാണ് വോട്ടെണ്ണല്‍.
ഈ കാലയളവില്‍ വോട്ടുകള്‍ രേഖപ്പെടുത്തിയ വോട്ടിംഗ് യന്ത്രങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കപ്പെടുന്നുണ്ടോ എന്നുറപ്പു വരുത്തേണ്ടതും അട്ടിമറികള്‍ നടക്കാതെ സൂക്ഷിക്കേണ്ടതും നമ്മുടെ കടമയാണെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
വോട്ടര്‍പട്ടികയില്‍ സിപിഎമ്മും ഇടതു മുന്നണിയും നടത്തിയ കൃത്രിമം നമ്മള് മുന്‍കൂട്ടി കണ്ടെത്തുകയും വോട്ടെടുപ്പ് ദിനത്തില്‍ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കുകയും ചെയ്തതിനാല്‍ കള്ളവോട്ട് വലിയ തോതില്‍ തടയുന്നതിന് കഴിഞ്ഞിട്ടുണ്ട്.
എങ്കിലും തളിപ്പറമ്പ് ഉള്‍പ്പടെ പല സ്ഥലങ്ങളിലും കള്ളവോട്ട് നടന്നതായി പരാതിയുണ്ട്. മറ്റു മണ്ഡലങ്ങളില്‍ കള്ളവോട്ട് നടന്നിട്ടുണ്ടോ എന്നു കണ്ടെത്താന്‍ സൂക്ഷ്മമായ പരിശോധന വരും ദിവസങ്ങളില്‍ യുഡിഎഫ് നടത്തും.
പരാജയ ഭീതി പൂണ്ട ഇടതു മുന്നണി സംസ്ഥാനത്ത് പല ഭാഗത്തും യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചു വിട്ടിരിക്കുകയാണ്.
കണ്ണൂര്‍ കൂത്തുപറമ്പില്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് മന്‍സൂറിനെ നിഷ്ഠുരമായിട്ടാണ് സിപിഎം അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്.
പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നെങ്കിലും പോലീസ് പൂര്‍ണ പരാജയമായി മാറി. അക്രമ രാഷ്ട്രീയത്തിന്റെ ഭാഷ സംസാരിക്കുന്ന സിപിഎമ്മിന്റെ തനി സ്വഭാവം തെരഞ്ഞെടുപ്പു ദിനം തന്നെ പുറത്തുവന്നിരിക്കുകയാണ്.
കായംകുളം ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരേ ആക്രമണമുണ്ടായി. അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സിപിഎം തയാറാകണം. കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി വേണം.
ഇടതു മുന്നണി എന്തു പ്രകോപനമുണ്ടാക്കിയാലും യുഡിഎഫ് പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.