ചെന്നൈ: ഫിഡെ 2024 ലോക ചെസ് ചാന്പ്യൻഷിപ്പിൽ ജയിച്ച ഡി. ഗുകേഷിന് തമിഴ്നാട് സർക്കാർ അഞ്ചു കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്. 18-ാം ലോക ചെസ് ചാന്പ്യനായി, ലോക ചാന്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രവും പതിനെട്ടുകാരനായ ഗുകേഷ് കുറിച്ചു.
ഞാൻ ഒരു ആണ്കുട്ടിയെ കണ്ടു; അതെ, എനിക്ക് അവനെ അങ്ങനെ വിളിക്കാം. കാരണം, 2000ൽ ഞാൻ ആദ്യമായി ലോക ചാന്പ്യൻഷിപ്പ് കിരീടം നേടിയപ്പോൾ അവൻ ജനിച്ചിട്ടില്ല. ഡി. ഗുകേഷ്, പ്രായം വെറും 18, ഇപ്പോഴിതാ 18-ാമത്തെ ലോക ചാന്പ്യനായിരിക്കുന്നു അവൻ. ഭാവി ചെസിന് ഒരു മുഖമുണ്ടെങ്കിൽ, അത് അവന്റെ മുഖംപ്പോലെ തന്നെ കാണപ്പെടും.
ശാന്തൻ, കൃത്യതയും ആത്മവിശ്വാസവും ഉള്ളവൻ- ഒരു ദേശീയ മാധ്യമത്തിൽ ഇന്ത്യൻ ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദ് കുറിച്ചു. പതിനെട്ടുകാരനായ ഡി. ഗുകേഷ് ഫിഡെ ലോക ചെസ് ചാന്പ്യൻഷിപ്പ് പട്ടം സ്വന്തമാക്കിയതിനുശേഷം ആനന്ദ് എഴുതിയ ലേഖനത്തിലായിരുന്നു ഇത്.
2023 ഫിഡെ ലോക ചെസ് ചാന്പ്യനായിരുന്ന ചൈനയുടെ ഡിങ് ലിറനെ 6.5-7.5നു പരാജയപ്പെടുത്തിയാണ് ഗുകേഷ് വിജയശ്രീലാളിതനായത്. ടൂർണമെന്റിലെ അവസാന റൗണ്ടായ 14-ാം ഗെയിമിൽ ജയിച്ചതോടെ ഗുകേഷ് ലോക ചാന്പ്യൻ പട്ടത്തിലെത്തി.
ലോക ചെസ് ചാന്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ചരിത്രവും പതിനെട്ടുകാരനായ ഗുകേഷ് സ്വന്തമാക്കി. 2026ലെ ലോക ചാന്പ്യൻഷിപ്പുവരെ ഇനി ലോക ചെസ് രാജാവ് ഗുകേഷായിരിക്കും.
2026ൽ കാൻഡിഡേറ്റ് ടൂർണമെന്റ് ജയിച്ച് എത്തുന്ന ആൾക്കു മുന്നിൽ കിരീടം നിലനിർത്താനായി ഗുകേഷ് ഇറങ്ങും. 2024 കാൻഡിഡേറ്റ് ടൂർണമെന്റിൽ 14ൽ ഒന്പത് പോയിന്റ് നേടിയായിരുന്നു ഗുകേഷ് ലോക ചാന്പ്യൻഷിപ്പ് പോരാട്ടത്തിനു യോഗ്യത നേടിയത്.
പ്രായത്തിലും ഒന്നാമൻ
18 വർഷവും ആറു മാസവും 14 ദിനവും പ്രായമുള്ളപ്പോഴാണ് ഹൈദരാബാദിൽനിന്നെത്തി ചെന്നൈയിൽ താമസമാക്കിയ ഡി. ഗുകേഷ് ഫിഡെ ലോക ചാന്പ്യൻ പട്ടത്തിലെത്തിയത്. 22 വർഷവും 210 ദിനവും പ്രായമുള്ളപ്പോൾ ലോക ചാന്പ്യനായ റഷ്യക്കാരൻ ഗാരി കാസ്പറോവിന്റെ റിക്കാർഡ് ഇതോടെ തകർന്നു.
1985ൽ അനറ്റോളി കാർപോവിനെ കീഴടക്കിയായിരുന്നു കാസ്പറോസ് 22-ാം വയസിൽ ഈ നേട്ടം സ്വന്തമാക്കിയത്. 39 വർഷം കാസ്പറോവിന്റെ പേരിലായിരുന്ന റിക്കാർഡാണ് ഗുകേഷ് തകർത്തതെന്നു ചുരുക്കം.
2013ൽ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദിനെ കീഴടക്കി ലോക ചാന്പ്യനായ നോർവെയുടെ മാഗ്നസ് കാൾസനാണ് പ്രായം കുറഞ്ഞതിന്റെ പട്ടികയിൽ മൂന്നാമത്. ആനന്ദിനെ 3-5ന് അന്നു തകർത്തപ്പോൾ കാൾസന്റെ പ്രായം 22 വർഷവും 357 ദിനവുമായിരുന്നു.
അതുക്കും മേലെ മാഗ്നസ്
ഫിഡെ ലോക ചെസ് ചാന്പ്യൻഷിപ്പിന്റെ രീതികളോടുള്ള അപ്രീതിയാൽ ടൂർണമെന്റിൽനിന്നു വിട്ടുനിൽക്കുന്ന സൂപ്പർ താരമാണ് നോർവെയുടെ മാഗ്നസ് കാൾസൻ. നിലവിലെ ലോക ഒന്നാം നന്പർ. ലോക ചാന്പ്യൻഷിപ്പിൽ ജയിച്ചതിനാൽ ഏറ്റവും മികച്ച കളിക്കാരൻ ഞാനാണെന്ന വിചാരം എനിക്കില്ല. അത് മാഗ്നസ് കാൾസൻതന്നെയാണ്.
മാഗ്നസിന്റെ നേട്ടങ്ങൾക്കൊപ്പം എത്തുകയാണ് എന്റെ ആഗ്രഹം- ലോക ചാന്പ്യനായ ശേഷം ഗുകേഷിന്റെ വാക്കുകൾ ഇതായിരുന്നു.
കാരണം, ഗുകേഷിന് അറിയാം ഫിഡെ ലോക ചാന്പ്യൻപട്ടം സ്വന്തമാക്കിയെങ്കിലും അതിനും മുകളിലായി ചെസ് ലോകത്ത് കാൾസൻ എന്നൊരു കളിക്കാരൻ ഉണ്ടെന്നത്.
2831 റേറ്റിംഗുമായി കാൾസനാണ് നിലവിൽ ലോക ഒന്നാം നന്പർ. 2013 മുതൽ 2021വരെയുള്ള അഞ്ചു ലോക ചാന്പ്യൻഷിപ്പിലും കാൾസനെ വെല്ലാൻ ആളില്ലായിരുന്നു. 2023ൽ ലോക ചാന്പ്യൻപട്ട പോരാട്ടത്തിൽനിന്നു പിന്മാറുന്നതായി കാൾസൻ വ്യക്തമാക്കി.
അതോടെയാണ് 2022 കാൻഡിഡേറ്റ് ടൂർണമെന്റിലെ രണ്ടാം സ്ഥാനക്കാരനായ ഡിങ് ലിറൻ ലോക ചാന്പ്യൻഷിപ്പ് പോരാട്ടവേദിയിലേക്ക് എത്തിയതുപോലും. റഷ്യയുടെ കാൻഡിഡേറ്റ് ചാന്പ്യനായിരുന്ന ഇയാൻ നിപ്പോംനിഷിയെ കീഴടക്കി ലിറൻ ലോക ചാന്പ്യൻപട്ടം കരസ്ഥമാക്കി.
മാഗ്നസ് വരില്ല
2026 ഫിഡെ ലോക ചാന്പ്യൻഷിപ്പ് പോരാട്ടത്തിൽ ഡി. ഗുകേഷിന്റെ കിരീടത്തിനു വെല്ലുവിളി ഉയർത്താൻ കാൾസൻ വരുമോ എന്നതാണ് ചെസ് പ്രേമികളുടെ കാത്തിരിപ്പ്. കാൾസനോട് പോരാടുകയാണ് തന്റെ സ്വപ്നമെന്ന് ഗുകേഷും വ്യക്തമാക്കി.
എന്നാൽ, ലോക ചാന്പ്യനായ ഗുകേഷിന് ആശംസ അറിയിച്ചശേഷം ചാന്പ്യൻഷിപ്പ് വേദിയിലേക്ക് വരില്ല എന്നു തീർത്തു പറഞ്ഞു കാൾസൻ.
‘ലിറൻ തോറ്റു കൊടുത്തു’
ഫിഡെ 2024 ലോക ചെസ് ചാന്പ്യൻഷിപ്പ് ഫൈനലിൽ ചൈനയുടെ ഡിങ് ലിറൻ ഇന്ത്യയുടെ ഡി. ഗുകേഷിനു മുന്നിൽ തോറ്റുകൊടുക്കുകയായിരുന്നു എന്ന് ആരോപിച്ച് ചെസ് ഫെഡറേഷൻ ഓഫ് റഷ്യ പ്രസിഡന്റ് ആൻഡ്രി ഫിലറ്റോവ് രംഗത്ത്.
ലിറന്റെ തോൽവിയിൽ അന്വേഷണം നടത്തണമെന്നും ഫിലറ്റോവ് ആവശ്യപ്പെട്ടു. പ്രഫഷണൽ താരങ്ങളെയും ചെസ് ആരാധകരെയും അദ്ഭുതപ്പെടുത്തുന്ന മണ്ടത്തരം നടത്തി ഡിങ് ലിറൻ തോൽവിക്കു വഴങ്ങുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
22-ാം വയസിൽ ലോക ചാന്പ്യനായ റഷ്യക്കാരൻ ഗാരി കാസ്പറോവിന്റെ റിക്കാർഡ് തകർത്ത്, ഏറ്റവും പ്രായം കുറഞ്ഞ ലോക ചാന്പ്യൻ എന്ന ചരിത്രം പതിനെട്ടുകാരനായ ഗുകേഷ് കുറിച്ചതിനു പിന്നാലെയാണ് റഷ്യൻ ചെസ് ഫെഡറേഷൻ രംഗത്ത് എത്തിയത്. 55-ാം നീക്കത്തിൽ മണ്ടത്തരം കാണിച്ച ഡിങ് ലിറനെ, അതുമുതലാക്കി ഗുകേഷ് കീഴടക്കുകയായിരുന്നു. 11-ാം റൗണ്ടിൽ ഗുകേഷ് ജയിച്ചതും ലിറന്റെ മണ്ടത്തരം മുതലെടുത്തായിരുന്നു.
55. Rf2 Rxf2 (ചിത്രത്തിൽ)
56. Kxf2 Bd5
57. Bxd5 Kxd5
58. Ke3 Ke5
(55 മുതൽ മത്സരം അവസാനിക്കുന്നതുവരെയുള്ള നീക്കങ്ങൾ)