മാവേലിക്കര: അതിജീവനത്തിന്റെ നാളുകളിൽ അംഗീകാരത്തിന്റെ കൊടുമുടിയിലേറി ചെട്ടികുളങ്ങര കുംഭഭരണി കെട്ടുകാഴ്ച. ലോകപ്രശസ്തമായ ചെട്ടികുളങ്ങര കുംഭഭരണി കെട്ടുകാഴ്ചയ്ക്ക് ഭാരത സർക്കാരിന്റെ അനന്യ സംസ്കാര സംരക്ഷണ പൈതൃക പട്ടികയിൽ ഇടം ലഭിച്ചു.
കഴിഞ്ഞ ഡിസംബറിൽ നടന്ന മഹാഭാരത അന്താരാഷ്്ട്ര സാംസ്കാരികോത്സവത്തിന്റെ ഭാഗമായി ശ്രീദേവിവിലാസം ഹിന്ദുമത കണ്വൻഷൻ പ്രസിഡന്റ് എം.കെ. രാജീവ് കേന്ദ്ര സാംസ്കാരിക വകുപ്പുമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേലുമായി ചർച്ച നടത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ക്ഷേത്ര നഗരിയുടെ വളർച്ചയ്ക്കും വികസനത്തിനും വേണ്ട പദ്ധതികൾ കഴിഞ്ഞ കുംഭഭരണി ദിവസം ക്ഷേത്രത്തിൽ എത്തി പ്രഖ്യാപിക്കും എന്ന് മന്ത്രി അറിയിച്ചിരുന്നു.
ഒൗദ്യോഗിക തിരക്കു കാരണം അദ്ദേഹത്തിന് എത്താനോ പ്രഖ്യാപനങ്ങൾ നടത്താനോ സാധിച്ചില്ല. എന്നാൽ, കഴിഞ്ഞ ദിവസം സാംസ്കാരിക വകുപ്പിന്റെ ഒൗദ്യോഗിക പത്രക്കുറിപ്പിലൂടെ ഭാരത സർക്കാരിന്റെ അനന്യ സംസ്കാര സംരക്ഷണ പൈതൃക പട്ടികയിൽ ചെട്ടികുളങ്ങര കുംഭഭരണി കെട്ടുകാഴ്ച ഉൾപ്പെട്ടു എന്ന് അറിയിക്കുകയായിരുന്നു.
വരും വർഷങ്ങളിൽ ഓണാട്ടുകരയുടെയും ക്ഷേത്ര നഗരിയുടെയും വികസനത്തിന് ഉതകുന്ന പല പ്രൊജക്ടുകളും സമർപ്പിക്കാൻ സാംസ്കാരിക മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
കെട്ടുകാഴ്ച നിർമാണത്തിനുള്ള സഹായങ്ങൾ, ക്ഷേത്രനഗരിയുടെ സൗന്ദര്യവത്്കരണം, കെട്ടുകാഴ്ച നിർമ്മിക്കുന്നവർക്കുള്ള സഹായം, വിനോദ സഞ്ചാര ആധ്യാത്മിക ടൂറിസം പദ്ധതികൾ, ആരോഗ്യവിദ്യാഭ്യാസ രംഗത്തുള്ള സഹായങ്ങൾ, കെട്ടുകാഴ്ച മ്യൂസിയം എന്നിങ്ങനെ നിരവധി പദ്ധതികൾ ഉൾപ്പെടെ നൽകാനും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
ആദ്യമായാണ് ഒരു പ്രാദേശിക കൂട്ടായ്മ അംഗീകാര നിറവിൽ എത്തുന്നതെന്നതും പ്രത്യേകതയാണ്. 2010 ൽ യുനെസ്കോയുടെ ഏഷ്യാ പസഫിക്ക് മേഖലയുടെ ചെയർമാൻ അറുമുഖം പരശുരാമൻ, കേന്ദ്ര സാംസ്കാരിക വകുപ്പ് സെക്രട്ടറി രൂപ ശ്രീനിവാസൻ എന്നിവരുടെ നേത്യത്വത്തിലുള്ള പ്രതിനിധി സംഘം ശ്രീദേവി വിലാസം ഹിന്ദു മത കണ്വൻഷന്റെ അഭ്യർഥന പ്രകാരം കുംഭഭരണി സമയത്ത് എത്തുകയും കെട്ടുകാഴ്ചകളുടെ നിർമാണം,
ആചാരങ്ങൾ എന്നിവ മനസിലാക്കുകയും അതനുസരിച്ച് കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെയും അന്നത്തെ മന്ത്രി എ.കെ. ബാലൻ, അന്നത്തെ ചീഫ് സെക്രട്ടറി, ദേവസ്വം ബോർഡ് ഉന്നതാധികാര സമിതിയുടെ ചെയർമാൻ കെ.ജയകുമാർ, അന്നത്തെ ആലപ്പുഴ എംപി കെ.സി. വേണുഗോപാൽ എന്നിവരുടെ സഹകരണത്തോടെ അനുബന്ധ രേഖകൾ, കെട്ടുകാഴ്ചയെ സംബന്ധിച്ച ചിത്രങ്ങൾ, ഫിലിമുകൾ എന്നിവ 2011 ൽ കേന്ദ്ര സർക്കാരിന് സമർപിച്ചിരുന്നു.
2012 ൽ ഭാരത സർക്കാർ ഈ നോമിനേഷൻ യുനെസ്കോയ്ക്ക് സമർപിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി യുനെസ്കോയുടെ ഒൗദ്യോഗിക പേജിൽ ചെട്ടികുളങ്ങര കെട്ടുകാഴ്ച സ്ഥാനം പിടിച്ചിട്ടുണ്ട്.