ന്യൂയോർക്ക്: ലോക കേരളസഭ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ന്യൂയോർക്കിലെത്തി.
മുഖ്യമന്ത്രിയുടെ ഭാര്യ കമല, സ്പീക്കർ എ.എൻ.ഷംസീർ, ധനമന്ത്രി കെ.എൻ.ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എംപി, ചീഫ് സെക്രട്ടറി വി. ജോയ് എന്നിവർ സംഘത്തിലുണ്ട്.
നാളെ പത്തിന് ലോക കേരള സഭാ സെഷൻ നടക്കും. ജൂൺ പതിനൊന്നിന് ടൈംസ് സ്ക്വയറിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി അമേരിക്കൻ മലയാളികളെ അഭിസംബോധന ചെയ്യും.
ന്യൂയോർക്ക് സമയം ഉച്ചയ്ക്ക് 3 മണിയോടെയാണ് ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ സംഘം എത്തിയത്. മുഖ്യമന്ത്രിയെയും സംഘത്തെയും വിമാനത്താവളത്തിൽ നോർക്ക സയറക്ടർ ഡോ. എം. അനിരുദ്ധൻ, സംഘാടക സമിതി പ്രസിഡന്റ് മന്മഥൻ നായർ എന്നിവർ സ്വീകരിച്ചു.
തുടര്‍ന്ന് ടൈംസ് സ്ക്വയറിലെ മാരിയറ്റ് മാർകീ ഹോട്ടലിലേക്ക് സംഘം പോയി.മൂന്നു ദിവസങ്ങളിലായാണ് അമേരിക്കയിൽ ലോക കേരള സഭയുടെ മൂന്നാം സമ്മേളനം.
പതിനൊന്നിന് ബിസിനസ് ഇൻവെസ്റ്റ് മീറ്റിനൊപ്പം സംരംഭകർ, വനിതാ സംരംഭകർ, നിക്ഷേപകർ, പ്രവാസി മലയാളി നേതാക്കൾ എന്നിവരുമായി സംഘം ചർച്ച നടത്തും.
അതേസമയം കാനഡയിൽ ആളിപ്പടരുന്ന കാട്ടുതീ കാരണം ന്യൂയോർക്ക് നഗരത്തിലുണ്ടായ വായു മലിനീകരണം അമേരിക്കയിലെ മുഖ്യമന്ത്രിയുടെ പരിപാടിയെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയും ഉണ്ട്.
ന്യൂയോർക്ക് നഗരം പുകയിൽ മുങ്ങി നിൽക്കുകയാണ്. മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന ടൈംസ്ക്വയറിലും പുക പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.