ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിലെ ഒരു അനാഥാലയത്തിൽ നിന്ന് നേരിട്ട കൊടും പീഡനത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 21 പെൺകുട്ടികൾ.
നഗ്നരാക്കുക, തലകീഴായി കെട്ടിത്തൂക്കുക, പഴുപ്പിച്ച ഇരുമ്പുവടിക്ക് അടിക്കുക, ചുവന്ന മുളക് കത്തിച്ചശേഷം അതിന്റെ പുക ശ്വസിപ്പിക്കുക തുടങ്ങി നിരവധി പീഡനങ്ങൾക്ക് ഇരയായതായി കുട്ടികൾ ആരോപിക്കുന്നു.
ഇൻഡോറിലെ വാത്സല്യപുരത്ത് ഒരു ട്രസ്റ്റ് നടത്തുന്ന അനാഥാലയത്തിലെ 4-16 വയസിന് ഇടയിലുള്ള പെൺകുട്ടികളാണു പീഡനത്തിന് ഇരയായെന്നു പറയുന്നത്.
ശിശുക്ഷേമസമിതിയുടെ ഒരു സംഘം ജനുവരി 13ന് നടത്തിയ അപ്രതീക്ഷിത പരിശോധനയെ തുടർന്നാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്.
സംഭവത്തിൽ നാല് കെയർ ടേക്കർമാർക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഇൻഡോർ അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അമരേന്ദ്ര സിംഗ് പറഞ്ഞു.