തിരുവനന്തപുരം: കളിക്കാൻ പോയതിന്റ പേരിൽ പതിനാലുകാരനായ മകനെ മർദിച്ച ആർമി ഉദ്യോഗസ്ഥനായ പിതാവിനെതിരേ പോലീസ് കേസെടുത്തു.
പാങ്ങോട് മിലിട്ടറി ക്യാംന്പിലെ ഹവിൽദാർ ബി.ഡി. പ്രസാദിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി പൂജപ്പുര പോലീസ് കേസെടുത്തത്.
ചൈൽഡ് ലൈൻ അധികൃതർ നൽകിയ പരാതിയിലാണ് നടപടി. മർദനത്തിൽ കുട്ടിയുടെ കൈക്ക് പൊട്ടലുണ്ടായെന്നും ദേഹത്ത് അടികൊണ്ട പാടുകളുണ്ടെന്നുമാണ് ചൈൽഡ്ലൈൻ അധികൃതർ വ്യക്തമാക്കുന്നത്.
ആർമി ക്വാട്ടേഴ്സിനോടനുബന്ധിച്ചുള്ള കുട്ടികളുടെ പാർക്കിൽ കളിക്കാൻ പോയതിനാണ് പിതാവ് തന്നെ മർദിച്ചതെന്നാണ് കുട്ടി പോലീസിന് മൊഴി നൽകിയിരിക്കുന്നത്.
പിതാവ് മർദിച്ചതിനെ തുടർന്ന് വീട് വിട്ട് ഓടിപ്പോയ കുട്ടിയെ തന്പാനൂർ റെയിൽവേ സ്റ്റേഷനിൽ സംശയാസ്പദമായ സാഹചര്യത്തിൽ റെയിൽവേ പോലീസ് കണ്ടെത്തുകയായിരുന്നു.
പോലീസ് ഉദ്യോഗസ്ഥർ കാര്യം തിരക്കിയപ്പോഴാണ് കുട്ടി കാര്യം വെളിപ്പെടുത്തിയത്. ഇതേ തുടർന്ന് റെയിൽവേ പോലീസ് ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ കുട്ടിയെ ചികിത്സയ്ക്കായി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.