കോഴിക്കോട്ട് ചാലിയത്ത് ശൈശവ വിവാഹം തടഞ്ഞ് ചൈല്‍ഡ് ലൈന്‍ അധികൃതരുടെ നടപടി. വ്യാഴാഴ്ച നടത്താനിരുന്ന 16 വയസ്സുകാരിയുടെ വിവാഹമാണ് ചൈല്‍ഡ് ലൈനിന്റെ കൃത്യമായ ഇടപെടലിനെ തുടര്‍ന്ന് തടയാനായത്.
പെണ്‍കുട്ടി തന്നെയാണ് വിവാഹ വിവരം അധികൃതരെ അറിയിച്ചത്. ചൈല്ഡ്ലൈന് ഈ വിവരം ബേപ്പൂര്‍ പൊലീസിന് കൈമാറി.
ഇതേത്തുടര്‍ന്ന് സബ് കളക്ടര്‍ ചെല്‍സാസിനിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി.
പെണ്‍കുട്ടിയെ ബന്ധുക്കളോടൊപ്പം ശിശുക്ഷേമ സമിതിക്ക് മുമ്പാകെ ഹാജരാക്കി. ശിശുക്ഷേമ സമിതിയുടെ ചുമതലയില്‍ ഗേള്‍സ് ഹോമില്‍ പെണ്‍കുട്ടിക്ക് താല്‍ക്കാലിക താമസമൊരുക്കിയിട്ടുണ്ട്.
ശൈശവ വിവാഹം നടത്തരുതെന്ന് കുട്ടിയുടെ പിതാവിന് മജിസ്ട്രേറ്റ് ബുധനാഴ്ച തന്നെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വിവാഹമല്ല, നിശ്ചയമാണ് നടത്തുന്നതെന്നായിരുന്നു കുടുംബം പറഞ്ഞത്.