പുൽപ്പള്ളി: വീട് നിറയെ വരച്ചിട്ട ചിത്രങ്ങളാൽ അതിഥികളുടെ മനം കവരുകയാണ് പുൽപ്പള്ളിയിലെ കേളക്കവല മങ്ങാരത്ത് എം.ടി. ബിനു എന്ന ബിനൂസ് പുൽപ്പള്ളിയുടെ ചിത്രവീട്.
വീടിന്റെ ഉമ്മറത്ത് നേരത്തെയുണ്ടായിരുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം മാറ്റിവരച്ചതോടെ പ്രകൃതിരമണീയതാൽ നിറഞ്ഞിരിക്കുകയാണ് ഇപ്പോൾ ബിനൂസിന്റെ വീട്. മലമുഴക്കി വേഴാന്പൽ, മയിൽ, മെക്കാവോ അടക്കമുള്ള പക്ഷികളാണ് വീടിന്റെ പുറംകാഴ്ച.
സ്വീകരണമുറിയിൽ ഇല്ലിക്കാടുകൾക്കിടയിലെ ഒറ്റയാനും പൂമരങ്ങളും ഒറ്റമരവും പക്ഷികളുമെല്ലാമാണ് വിസ്മയക്കാഴ്ച. പ്രാർഥനാമുറിയിൽ യേശുക്രിസ്തുവിന്റെ രൂപവും വരച്ചിട്ടിട്ടുണ്ട്. വീട് നിറയെ ചിത്രങ്ങൾ നിറഞ്ഞ ബിനുവിന്റെ വീടിനെ ചിത്രവീട് എന്നാണ് നാട്ടുകാർ പേരിട്ടിരിക്കുന്നത്.
നടവയൽ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ ചിത്രകല അധ്യാപകനായ ബിനുവിന് ഒരു പതിറ്റാണ്ട് മുന്പ് തോന്നിയ ആശയമാണ് ഇപ്പോൾ ചിത്രവീടിലെത്തി നിൽക്കുന്നത്.
വീട് പണിത് കഴിഞ്ഞപ്പോൾ അത് തന്റെ വീടാണെന്ന് മറ്റുള്ളവർക്ക് എളുപ്പത്തിൽ മനസിലാക്കാൻ വേണ്ടിയായിരുന്നു ചിത്രം വരച്ചുതുടങ്ങിയത് പിന്നീട് വരച്ച് വരച്ച് വീടൊന്നാകെ ചിത്രങ്ങൾ നിറഞ്ഞു.
കോവിഡ് വ്യാപനത്തിന് ശേഷം അടുത്തമാസം സ്കൂൾ തുറക്കുന്പോൾ കുട്ടികളെ വരവേൽക്കുന്നതിന്റെ ഭാഗമായി നടവയലിലെ സ്കൂൾ ചുമരുകളിൽ ആറ് ചിത്രങ്ങൾ ഇതിനകം തന്നെ ബിനു വരച്ചുകഴിഞ്ഞു.
നടവയൽ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനി ഏബ്രഹാം അടക്കമുള്ള അധ്യാപകരുടെ പിന്തുണയാണ് ഇത്തരം ബൃഹത് രചനകൾക്ക് പിന്നിലെന്ന് ബിനു പറയുന്നു.
ആദ്യം ജോലി ചെയ്ത കല്ലോടി സെന്റ് ജോസഫ് എച്ച്എസ്എസിന്റെ ചുമരുകളിൽ പത്തോളം ചിത്രങ്ങളും ബിനു വരച്ചിരുന്നു.വീട്ടിലെ ചിത്രം വരയിൽ ചിത്രകാരി കൂടിയായ ഭാര്യ ഷിനിയും ബിനുവിനൊപ്പമുണ്ട്.
മക്കളായ എട്ടാംക്ലാസ് വിദ്യാർഥിനിയായ അക്സയും അഞ്ചാംക്ലാസുകാരി സൂസനും വീടിനുള്ളിൽ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. നഴ്സറിയിൽ പഠിക്കുന്ന സാമുവലാണ് ബിനു-ഷിനി ദന്പതികളും ഇളയമകൻ.
പ്രകൃതിയുടെ മനോഹാരിത വരക്കാൻ ഇഷ്ടപ്പെടുന്ന ബിനൂസിന് ഏറ്റവുമിഷ്ടം വാട്ടർ കളറിൽ ചിത്രം വരക്കാനാണ്. അധികം വൈകാതെ ഒരു ചിത്രപ്രദർശനം നടത്താനുള്ള തയാറെടുപ്പിലാണ് ബിനു. അതിന് വേണ്ടിയുള്ള രചനകൾ അന്തിമഘട്ടത്തിലെത്തി നിൽക്കുകയാണ്.