ഇത്തവണയും ക്രിസ്മസ് ഇങ്ങെത്തി. നനുത്ത മഞ്ഞിന് മേല്ശീലചുറ്റി ഡിസംബറും മണ്ണിലും വിണ്ണിലും നക്ഷത്രങ്ങളും നിറഞ്ഞു.
ക്രിസ്മസ് കാരളിനായി ഒരുങ്ങുന്ന സംഘങ്ങളെയാണ് ഈ മാസത്തില്‍ എവിടെത്തിരിഞ്ഞാലും കാണാനാവുക. എന്നാല്‍ കോവിഡ് ഇത്തവണത്തെ ക്രിസ്മസ് കൂട്ടായ്മയുടെ സന്തോഷത്തെ അപ്പാടെ തുടച്ചെടുത്തു.
എങ്കിലും ഈ ചെറുപ്പക്കാര്‍ക്ക് ക്രിസ്മസ് എത്തിയാല്‍ കാരള്‍ സംഗീതത്തില്‍നിന്നും മാറിനില്‍ക്കാനാവില്ല. കോട്ടയം എറികാട് സെന്റ്. ജെയിംസ് സിഎസ്ഐ ചര്‍ച്ച് ക്വയറിലെ ഏതാനും യുവാക്കള്‍ അതില്‍ ഭൂരിപക്ഷവും വിദ്യാര്‍ഥികള്‍ അവര്‍ കോവിഡിനെ പാടിത്തോല്പ്പിക്കാന് തീരുമാനിച്ചു. ഇത്തവണത്തെ കാരള്‍ യുട്യൂബിലാക്കിയാണ് ഈ ചെറുപ്പക്കാര്‍ കോവിഡിനെ തോല്‍പ്പിച്ചത്.
ഇതുവരെ കേട്ടിട്ടുമാത്രമുള്ള സംഗീത ആല്‍ബമെന്ന സ്വപ്നം ഒറ്റമാസം കൊണ്ട് ഈ കുട്ടികള്‍ പണിതെടുത്തു. ഓരോരുത്തര്‍ക്കും ഓരോചുമതലകള് നല്കി ആഴ്ചകള്‍ക്കുള്ളില്‍ സംഗീത ശില്‍പ്പത്തിന്റെ പ്രാരംഭ ഘട്ടം പൂര്‍ത്തിയാക്കിയെന്ന് ചുമതലക്കാരില്‍ ഒരാളായ സോനു കെ ബാബു പറയുന്നു.
പ്ലസ്ടു വിദ്യാര്‍ഥിനിയായ ഈവ മെര്ലിന് ഷാജിയാണ് വരികള്‍ എഴുതിയത്. വെബ് ഡെവലപ്പറായ റോണു ജോണ്‍ എബ്രഹാം വരികള്‍ക്ക് ഈണം നല്കി.
ബിരുദാനന്തരബിരുദ വിദ്യാര്‍ഥിയായ ബ്രിജിത് ജെ. ഐസക് ഓര്ക്കസ്ട്രേഷന് നിര്‍വഹിച്ചു. ഡിഗ്രി വിദ്യാര്‍ഥിയായ അമല്‍ കുര്യന് ജോസഫ് സോംഗ് മിക്സിംഗ് നടത്തി. ഒരാഴ്ചയ്ക്കുള്ളില്‍ പാട്ട് പൂര്‍ത്തിയായി.
പിന്നീട് ഗാന പരിശീലനത്തിനും കാമറയിലാക്കലിനും രണ്ടാഴ്ച. പാട്ട് യുട്യൂബിലായി. ഇതിനകം ആയിരക്കണക്കിന് ആളുകള്‍ ഈ ഗാനം കേട്ടുകഴിഞ്ഞു.