തിരുവനന്തപുരം: ഇന്ന് വൈകിട്ട് രാജ്ഭവനില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്രിസ്മസ് വിരുന്ന് നടത്തും. മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാര്‍ക്കും വിരുന്നിലേക്ക് ക്ഷണം ഉണ്ടെങ്കിലും അവർ പങ്കെടുക്കില്ല.
വിരുന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പങ്കെടുക്കില്ല. പ്രതിപക്ഷ നേതാവ് ഡല്‍ഹിയിലായതിനാലാണ് പങ്കെടുക്കാത്തത് എന്നാണ് ഔദ്യോഗിക വിശദീകരണം.
ബിഷപ്പുമാര്‍, മതനേതാക്കള്‍, കലാ സാഹിത്യ സാംസ്കാരിക ചലച്ചിത്ര മേഖലകളിലെ പ്രമുഖര്‍, ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍, വ്യവസായ വാണിജ്യ പ്രതിനിധികള്‍ തുടങ്ങിയവരെയും വിരുന്നിന് ക്ഷണിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ആഘോഷത്തിനു മതനേതാക്കളെയും സാംസ്കാരിക നായകരെയും മാത്രമാണ് ഗവര്‍ണര്‍ ക്ഷണിച്ചിരുന്നത്.
20നു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു ക്രിസ്മസ് സംഗമം സംഘടിപ്പിക്കുന്നുണ്ട്. 17നു വൈകുന്നേരം കൊച്ചിയിലും ഗവര്‍ണറുടെ നേതൃത്വത്തില്‍ ക്രിസ്മസ് സംഗമവും വിരുന്നും നടക്കുന്നുണ്ട്.
അതേസമയം റിപ്പബ്ലിക് ദിനത്തില്‍ രാജ്ഭവനില്‍ നടത്തുന്ന പതിവു വിരുന്നു സല്‍ക്കാരത്തിലേക്കു മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഗവര്‍ണര്‍ ക്ഷണിക്കുന്നുണ്ട്.
സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നു ഗവര്‍ണറെ പുറത്താനുള്ള ബില്‍ ഇന്നലെ നിയമസഭ പാസാക്കിയിരുന്നു.