കൊടുങ്ങല്ലൂർ: ജീവിതസമരത്തെ നേരിടാൻ വീട്ടമ്മ മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയായി. കോട്ടപ്പുറം മേനക തീയ്യറ്ററിനരികിൽ താമസിക്കുന്ന കാടാപറന്പത്ത് സഹീറിന്റെ ഭാര്യ റംലത്ത് എന്ന 43 കാരിയാണ് ഇന്നലെ മുതൽ കോട്ടപ്പുറം മാർക്കറ്റിൽ ചുമട്ട് തൊഴിലാളിയായി ജോലിക്ക് ഇറങ്ങിയത്.
മാർക്കറ്റിലെ ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡിനു കീഴിൽ തൊഴിൽ ചെയ്തിരുന്ന സഹിറിന് അഞ്ച് വർഷം മുന്പ് പക്ഷഘാതം പിടിപ്പെട്ട് ശയ്യാവലംബിയായതോടെയാണ് ഭാര്യ റംലത്താന്റെയും കുടുംബത്തിന്റെയും ജീവിതം നരകതുല്യമായത്.
അഞ്ച് മക്കളടക്കമുള്ള കുടുംബം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതെ വന്നതോടെയാണ് റംലത്ത് ചുമട്ടുതൊഴിലാളിയായി മാറുകയായിരുന്നു. ഭർത്താവിന്റെ ചികിത്സ ചിലവും കുട്ടികളുടെ പഠന ചിലവുകളും ഏറെ പ്രയാസങ്ങൾ ഉണ്ടാക്കി.
ഇതോടെ റംലത്ത് തൊഴിൽ അന്വേഷിച്ച് ഇറങ്ങുകയായിരുന്നു. ഒന്നര വർഷം ദുബായിൽ ജോലി ചെയ്തു.നാട്ടിൽ ബജിക്കട നടത്തി. ഇതൊന്നും കാര്യമായ വരുമാനം ഉണ്ടാക്കിയില്ല.
ഇതിനെ തുടർന്നാണ് സഹിറിന്റെ ആശ്രിത നിയമനത്തിൽ മാർക്കറ്റിൽ ചുമട്ട് തൊഴിലാളിയായി നിയമനം നേടിയത്. മാർക്കറ്റിൽ പലവഞ്ജനം കയറ്റി ഇറക്കാൻ 46 തൊഴിലാളികമാണ് ഉള്ളത്.ഇവരിലൊരാൾ റംലത്താണ്.
തൊഴിലാളികൾ എല്ലാം പരിചയക്കാരായതിനാൽ തൊഴിലിടത്ത് ആശങ്കയൊന്നുമില്ലെന്ന് റംലത്ത് പറഞ്ഞു. റംലത്തിനെ തൽക്കാലം പൂൾ ഓഫീസിലിരുത്താനാണ് തങ്ങൾ തീരുമാനിച്ചിട്ടുള്ളതെന്ന് പൂൾ ലീഡർ പി.ഒ പോളി പറഞ്ഞു.