സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടം ജെമിനി സര്‍ക്കസ് കണ്ടുകൊണ്ടിരിക്കുകയാണ്. 20 അടി ഉയരത്തില്‍ കെട്ടിയ സാരികളില്‍ തൂങ്ങിയാടി ഒറ്റക്കാലിലും കൈയിലുമൊക്കെ നൃത്തം ചെയ്ത് ഊര്‍ന്നിറങ്ങുന്നത് ദമ്പതികളായ സാനിയയും വിക്രം താപയുമാണ്.
ജനം നെഞ്ചിടിപ്പോടെ ആ റൊമാന്റിക് സില്‍ക്ക് സാരി ഡാന്‍സ് കണ്ടുകൊണ്ടിരിക്കെ വിക്രം നീട്ടിയ കൈയില്‍നിന്ന് പിടിവിട്ട് സാനിയ പത്തടി ഉയരത്തില്‍നിന്ന് താഴേക്ക് വീണു. ഒപ്പം വിക്രമും താഴേക്ക്. വിക്രം ചെന്നുവീണതാകട്ടെ നിലത്തു കിടക്കുകയായിരുന്ന സാനിയയുടെ ദേഹത്ത്. ബോധമില്ലാതെ കിടന്ന സാനിയയും ‘സാനിയാാാ…’ എന്ന് ഉറക്കെ വിളിച്ച് വാവിട്ട് കരഞ്ഞ വിക്രമും സര്‍ക്കസ് കൂടാരത്തെ മുൾമുനയിലാക്കി.
സര്‍ക്കസിലെ മറ്റംഗങ്ങൾ ഉടന്‍തന്നെ സാനിയയെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. താടിക്കും കൈകാലിനുമൊക്കെ പരിക്കേറ്റ് ആഴ്ചകളോളമുള്ള ആശുപത്രിവാസം. മരുന്നുമണക്കുന്ന ആശുപത്രി കിടക്കയില്‍ കൈയിലെ പരിക്കുമായി ഭാര്യയ്ക്കു കൂട്ടിരുന്ന വെസ്റ്റ് ബംഗാള്‍ സ്വദേശിയായ വിക്രമിന്റെ മനസു നിറയെ ആസാമിലുള്ള 11കാരന് മകന് റെഷബിനെക്കുറിച്ചുള്ള ചിന്തയായിരുന്നു അപ്പോള്‍.
കാണികള്‍ക്കു കൗതുകവും അമ്പരപ്പും സമ്മാനിച്ച് ഉജ്വല പ്രകടനം കാഴ്ചവയ്ക്കുന്ന തമ്പിലെ കലാകാരന്മാരുടെ ജീവിതം പലപ്പോഴും നൊമ്പരപ്പെടുത്തുന്നതുതന്നെയാണ്. ആശുപത്രി വാസത്തിനുശേഷം സാനിയയും വിക്രവും വീണ്ടുമെത്തിയത് എറണാകുളം തൃപ്പൂണിത്തുറ പുതിയകാവില്‍ നടക്കുന്ന ജെമിനി സര്‍ക്കസ് വേദിയിലേക്കായിരുന്നു.
തിരുമ്മൽ ചികിത്സാകേന്ദ്രത്തില്‍ ആഴ്ചകളോളം ചികിത്സ നടത്തിയാണ് ഇരുവരും വീണ്ടും തമ്പിലേക്ക് എത്തിയത്. അറിയാവുന്ന ഏക തൊഴില്‍ ഇതായതുകൊണ്ടും നാട്ടില്‍ ഇവരുടെ വരുമാനംകൊണ്ട് ജീവിതം മുന്നോട്ടു നീക്കുന്ന കുടുംബത്തെക്കരുതിയും ഇവർ സർക്കസിൽതന്നെ തുടരുന്നു.
വീഴ്ചയ്ക്കുശേഷം നല്ല ഭയം ഉണ്ടായിരുന്നെങ്കിലും തല്ക്കാലം അതിനൊക്കെ അവധി നല്കി ഇരുവരും വീണ്ടും റൊമാന്റിക് സില്‍ക് സാരി ഡാന്‍സിലൂടെ എറണാകുളത്തെ കാഴ്ചക്കാരുടെ കൈയടി നേടുകയാണ്.
പ്രചോദനമായത് അയല്‍ക്കാര്‍
ആസാംകാരിയായ സാനിയ 17ാം വയസില്‍ തമ്പിലെത്തിയതാണ്. വിക്രമാകട്ടെ ഒമ്പതാം വയസിലും. രണ്ടുപേര്‍ക്കും പ്രചോദനമായത് അയല്‍വീടുകളില്‍ ഉണ്ടായിരുന്ന ചില സര്‍ക്കസ് കലാകാരന്മാരാണ്. റിംഗ് ബാലന്‍സ് ആയിരുന്നു സാനിയയുടെ ആദ്യ ഐറ്റം.
ബംഗാള്‍, ആസാം മേഖലകളിലെ മൂണ്ലൈക്ക്, റോയല്‍, ജിയോ, ഫേമസ്, അപ്പോളോ, എഷ്യാഡ് തുടങ്ങിയ സര്‍ക്കസ് കമ്പനികളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് സാനിയ ജെമിനി സര്‍ക്കസില്‍ എത്തിയത്. അജന്ത, ഒളിമ്പിക്, റോയല്‍, ഫേമസ് സര്‍ക്കസുകളിലെ പ്രവര്‍ത്തന പരിചയം 38കാരനായ വിക്രമിനുണ്ട്. മികച്ച ട്രപീസ് കളിക്കാരനാണ് വിക്രം താപ.
തമ്പില്‍ മൊട്ടിട്ട പ്രണയം
ബംഗാളിലെ ഫേമസ് സര്‍ക്കസ് കമ്പനിയില്‍ പ്രവര്‍ത്തിക്കുന്ന കാലത്താണ് സാനിയയും വിക്രമും പരിചയപ്പെടുന്നത്. സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയപ്പോള്‍ വീട്ടുകാരുടെ സമ്മതത്തോടെ 13 വര്‍ഷം മുമ്പ് സാനിയ വിക്രമിന്റെ ജീവിത സഖിയായി. മകന് റെഷബ് ആസാമില്‍ സാനിയയുടെ അമ്മയ്ക്കൊപ്പമാണ് കഴിയുന്നത്. ഇടവേളകളിലൊക്കെ ദമ്പതികള്‍ നാട്ടില്‍ പോയിവരും.
കാഴ്ചവയ്ക്കുന്നത് വെവെറൈറ്റി ഐറ്റംസ്
റഷ്യന്‍ റിംഗ് ഡാന്‍സാണ് സാനിയയുടെ മറ്റൊരു ഐറ്റം. ഹുല്ല ഹൂപ്പ് ഡാന്‍സ്, സൈക്കിളിംഗ്, റോപ്പ് ഡാന്‍സ് എന്നിവയും ഈ മുപ്പത്തിരണ്ടുകാരി അനായാസേന അവതരിപ്പിക്കും. ട്രംബോളിംഗ്, ഫ്ളൈയിംഗ് ട്രപ്പീസ് എന്നിവയാണ് വിക്രമിന്റെ ഐറ്റംസ്.
67 കിലോ തൂക്കമുള്ള സാനിയ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് സാരിയില്‍ തൂങ്ങി ആടിവരുമ്പോള്‍ ആദ്യമായാണ് തന്റെ കൈയില്‍നിന്ന് പിടിവിട്ടുപോകുന്നതെന്ന് 55 കിലോ തൂക്കമുള്ള വിക്രം പറയുന്നു. ആ ഷോക്ക് മാറാന്‍ ഏറെ സമയമെടുത്തു. പക്ഷേ ഈ തൊഴിലില്‍നിന്ന് മാറിനില്ക്കാന് ആവില്ലെന്നാണ് ദമ്പതികളുടെ അഭിപ്രായം. സര്‍ക്കസ് കമ്പനി മാന്യമായ ശമ്പളം തരുന്നതിനാല്‍ തങ്ങള്‍ സംതൃപ്തരാണെന്നും ഇരുവരും പറയുന്നു.