വീട്ടിൽ കുട്ടികളെ നോക്കാൻ നിയമിച്ച ആയയുടെ കിടപ്പുമുറിയിൽ ഒളിക്കാമറ വച്ച് വീഡിയോ പകർത്തിയ സംഭവത്തിൽ കോടീശ്വരനായ വീട്ടുടമ 23 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നു കോടതി വിധി. കൊളംബിയയിലാണു സംഭവം.
ഇരുപത്തിയഞ്ചുകാരിയായ കെല്ലി ആൻഡ്രേഡ് കോടീശ്വരനായ മൈക്കൽ എസ്പോസിറ്റോയുടെ വീട്ടിൽ ആയയായി ജോലി ചെയ്യുകയായിരുന്നു. മൈക്കലിന്റെ നാല് കുട്ടികളെയും ഇവരാണു നോക്കിയിരുന്നത്. ഒരു ദിവസം തന്റെ കിടപ്പുമുറിയിലെ സ്മോക്ക് ഡിറ്റക്ടറിൽ അവൾ ഒളിക്കാമറ കണ്ടെത്തി.
മൈക്കൽ ഇടയ്ക്കിടയ്ക്ക് വന്ന് സ്മോക്ക് ഡിറ്റക്ടർ അഡ്ജസ്റ്റ് ചെയ്തു വയ്ക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടിരുന്നു. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കാമറ കണ്ടത്. അവൾ വസ്ത്രം മാറുന്നതടക്കം അനേകം വീഡിയോകൾ അതിലുണ്ടായിരുന്നു. പോലീസിൽ പരാതിപ്പെട്ടതോടെ മൈക്കലിനെ അറസ്റ്റ് ചെയ്തു.
നാല് വർഷത്തെ തടവാണ് ഇയാൾക്ക് വിധിച്ചത്. കെല്ലിക്ക് ഉണ്ടായ വൈകാരിക ബുദ്ധിമുട്ടുകൾക്കടക്കം 23 കോടി രൂപ നൽകാനും വിധിയായി. തനിക്കുണ്ടായ മാനസികവും വൈകാരികവുമായ ബുദ്ധിമുട്ടുകൾക്ക് ആ തുക ഒരു പൂർണപരിഹാരമല്ലെന്നാണ് വിധി അറിഞ്ഞശേഷം കെല്ലി പറഞ്ഞത്.