സ്വന്തം ലേഖകന്‍
കോഴിക്കോട്: എലത്തൂര്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തില്ലെങ്കില്‍ പൊതു സ്വതന്ത്രനെ മത്സരിപ്പിക്കാനൊരുങ്ങി ജില്ലാ നേതൃത്വം.
ഇത് സംബന്ധിച്ച് ഐഐസിസിയേയും കെപിസിസി നേതൃത്വത്തിനേയും കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.
തീരുമാനം അനുകൂലമായില്ലെങ്കില്‍ ഇന്നോ നാളെയോ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് പ്രചാരണരംഗത്തിറങ്ങാനാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി തീരുമാനം.
എലത്തൂര്‍ സീറ്റ് യുഡിഎഫ് മാണി സി. കാപ്പന്റെ നാഷണല്‍ കോണ്‍ഗ്രസ് കേരള (എന്‍സികെ) പാര്‍ട്ടിക്കാണ് നല്‍കിയത്. ഇതിനെതിരേ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.
ഇതോടെ നിയുക്ത എന്‍സികെ സ്ഥാനാര്‍ഥി സുല്‍ഫിക്കര്‍ മയൂരിക്ക് പ്രചാരണത്തിനിറങ്ങാന്‍ സാധിച്ചില്ല.
നിലവില്‍ സി ക്ലാസ് മണ്ഡലമെന്ന നിലയിലാണ് കോണ്‍ഗ്രസ് നേതൃത്വം എലത്തൂര്‍ മണ്ഡലത്തെ കാണുന്നത്. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ എലത്തൂര്‍ പിടിച്ചെടുക്കുകയെന്നത് സങ്കീര്‍ണമാണ്.
ഈ സാഹചര്യത്തിലാണ് എലത്തൂരില്‍ മാണി സി. കാപ്പന്റെ പാര്‍ട്ടിക്ക് സീറ്റ് നല്‍കിയതെന്നാണ് കെപിസിസി നേതൃത്വം പറയുന്നത്.
എന്നാല്‍ യാതൊരു വേരോട്ടവുമില്ലാത്ത പാര്‍ട്ടിക്ക് സീറ്റ് നല്‍കുന്നതിലൂടെ കോണ്‍ഗ്രസിനാണ് ക്ഷീണം വരുന്നതെന്നും പാര്‍ട്ടി പൂര്‍ണമായും ഇവിടെ ഇല്ലാതായി തീരുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.
2016 ല്‍ യുഡിഎഫിലെ ജെഡിയുവിനായിരുന്നു സീറ്റ് നല്‍കിയത്. അന്ന് കിഷന് ചന്ദായിരുന്നു മത്സരിച്ചത്. 2011 ല്‍ എസ്ജെഡിയിലെ ഷെയ്ക്ക് പി. ഹാരിസായിരുന്നു മത്സരിച്ചത്. ഈ രണ്ടു കക്ഷികളും ഇപ്പോള്‍ എല്ഡിഎഫിലാണുള്ളത്.
തോറ്റ സ്ഥാനാര്‍ഥികള്‍ പോലുമില്ലാത്ത മാണി സി. കാപ്പന്റെ പാര്‍ട്ടി എലത്തൂര്‍ സീറ്റ് ചോദിക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസ് നേതൃത്വം എതിര്ക്കേണ്ടതായിരുന്നുവെന്നാണ് ജില്ലാ നേതാക്കള്‍ പറയുന്നത്.
കൂടാതെ പാലാ സീറ്റിനുവേണ്ടി എല്‍ഡിഎഫില്‍ തര്‍ക്കമുണ്ടാക്കി യുഡിഎഫിന്റെ ഭാഗമായ എന്‍സികെയ്ക്ക് മറ്റൊരിടത്ത് സീറ്റ് നല്കാന് തയാറായതും നേതൃത്വത്തിന്റെ വീഴ്ചയാണ്.
വര്‍ഷങ്ങളായി യുഡിഎഫിനൊപ്പം നില്ക്കുന്ന ഘടകകക്ഷികള്‍ക്കുപോലും ഒരു സീറ്റില്‍ കൂടുതല്‍ നല്‍കിയിട്ടില്ല.
ഈ തെറ്റുകള്‍ തിരുത്തി എലത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തന്നെ പ്രഖ്യാപിക്കണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.
കൂടാതെ മാണി സി. കാപ്പന്റെ പാര്‍ട്ടിക്ക് യാതൊരു വേരോട്ടവുമില്ലാത്ത മേഖലയാണ് എലത്തൂർ. നാമമാത്രമായ പ്രവര്‍ത്തകര്‍ മാത്രമാണിവിടെയുള്ളത്.
ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത നേടിയെടുക്കാന്‍ എന്‍സികെ പാര്‍ട്ടിക്ക് കഴിയില്ല. രണ്ട് ബ്ലോക്ക് കമ്മിറ്റികളുള്ള മണ്ഡലത്തില്‍ ഭൂരിഭാഗവും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണുള്ളത്.
എന്‍സികെ സ്ഥാനാര്‍ഥി മത്സരിക്കുന്ന പക്ഷം പ്രചാരണ രംഗത്തുനിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൂര്‍ണമായും വിട്ടു നില്ക്കും.
ഇതോടെ എലത്തൂരില്‍ തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് കോണ്‍ഗ്രസ് ഇല്ലാതാവുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
നിലവിലെ സാഹചര്യം വ്യക്തമാക്കി എഐസിസി സെക്രട്ടറി പി.വി.മോഹനൻ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ക്ക് മണ്ഡലം കമ്മിറ്റി നിവേദനം നല്‍കിയിട്ടുണ്ട്.
ഇതിനുപുറമേ നിയോജകമണ്ഡലം കോണ്‍ഗ്രസ് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ.രാഘവന് എംപി എഐസിസി പ്രസിഡന്റ് സോണിയാ ഗാന്ധിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.
അനുകൂല തീരുമാനം ഇന്നുണ്ടാവുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം.