കാസര്‍ഗോഡ്: ജില്ലയില്‍ ഇന്നലെ പുതുതായി കോവിഡ് സ്ഥിരീകരിച്ച 24 കാരന് രോഗബാധ ഉണ്ടായത് എങ്ങനെയാണെന്ന കാര്യത്തില്‍ അവ്യക്തത.
ഇതുവരെ കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത കാഞ്ഞങ്ങാട് മാവുങ്കാല്‍ ആനന്ദാശ്രമത്തിനു സമീപം താമസിക്കുന്ന ഇയാള്‍ ദൂരസ്ഥലങ്ങളിലൊന്നും പോയിട്ടില്ലെന്നാണ് പറയുന്നത്.
എന്നാല്‍ ഇയാള്‍ ഒരുവട്ടം കര്‍ണാടകയില്‍ പോയിട്ടുണ്ടെന്ന വിവരമാണ് അന്വേഷണത്തില്‍ നിന്ന് ലഭിക്കുന്നതെന്ന് ആരോഗ്യവകുപ്പ് പറയുന്നു.
ജില്ലയില്‍ ഇതുവരെ ഉണ്ടായിരുന്ന എല്ലാ രോഗബാധകളും വിദേശത്തു നിന്ന് വന്നവരോ അവരുമായി അടുത്ത സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരോ ആയിരുന്നു.
ഇതെല്ലാം എണ്ണത്തില്‍ കൂടുതലായപ്പോഴും ഏതാനും പഞ്ചായത്തുകളിലെ പ്രത്യേക ഹോട്ട് സ്പോട്ടുകളില്‍ മാത്രം ഒതുങ്ങിനിന്നതായിരുന്നു. ഇവരില്‍ ഏറിയ പങ്കും ഇപ്പോള്‍ രോഗമുക്തരായി ആശുപത്രി വിടുകയും ചെയ്തു.
ജില്ലയില്‍ ആകെ 176 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 162 പേരും ഇതിനകം ആശുപത്രി വിട്ടിരുന്നു. ഇന്നലെ പുതുതായി റിപ്പോര്‍ട്ട് ചെയ്ത കേസ് ഉള്‍പ്പെടെ 14 പേര് മാത്രമാണ് ഇനി ചികിത്സയിലുള്ളത്.
രോഗമുക്തിയുടെ വഴിയില്‍ അതിവേഗം മുന്നോട്ടുപോകുന്നതിനിടയില്‍ ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത പുതിയൊരു സ്ഥലത്തു നിന്നാണ് ഇന്നലെ പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തത് എന്ന കാര്യമാണ് ജില്ലാ ഭരണകൂടത്തേയും ആരോഗ്യവകുപ്പിനേയും കുഴക്കുന്നത്.
ഇത് ഏറെക്കുറെ കോട്ടയത്തും ഇടുക്കിയിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പുതിയ കേസുകള്‍ക്ക് സമാനമാണ്. നാട്ടില്‍ പെയിന്റിംഗ് ജോലി ചെയ്യുന്ന യുവാവ് ഈ മാസം 16 നാണ് പനി ബാധിച്ച് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്.
കോവിഡ് ബാധിതരുമായി സമ്പര്‍ക്കമോ വിദേശയാത്രയോ ഒന്നുമില്ലാത്ത കേസായതിനാല്‍ അന്ന് ഒപി വിഭാഗത്തില്‍ നിന്ന് പനിക്കുള്ള മരുന്ന് നല്കി തിരിച്ചയക്കുകയായിരുന്നു.
24 ന് വീണ്ടും പനി കൂടി കോവിഡിന് സമാനമായ ലക്ഷണങ്ങളുമായി ഇയാള്‍ ആശുപത്രിയിലെത്തിയപ്പോഴാണ് ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയുമായിരുന്നു.
16 നും 24 നും ഇയാള്‍ ജില്ലാ ആശുപത്രിയുടെ ഒപി വിഭാഗത്തില്‍ എത്തിയപ്പോള്‍ പരിശോധിച്ച ഡോക്ടര്‍മാരെയും നഴ്സുമാരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്ന് ആര്‍എംഒ ഡോ. റിജിത് കൃഷ്ണന് അറിയിച്ചു.
ഈ സമയത്ത് ഒപി വിഭാഗത്തിലും കൗണ്ടറിലുമുണ്ടായിരുന്ന രോഗികളുടെ കണക്കും ശേഖരിക്കുന്നുണ്ട്. ഇയാളുടെ അമ്മ ആനന്ദാശ്രമത്തിലെ ജീവനക്കാരിയാണ്.
ഇവരേയും ഈ കാലയളവില്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരേയും നിരീക്ഷണത്തിലാക്കും. ലോക്ക് ഡൗണ്‍ ആയതിനാല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പോകാന്‍ ഇയാള്‍ക്ക് കഴിഞ്ഞിട്ടുണ്ടാവില്ലെന്നാണ് കണക്കുകൂട്ടല്‍.
കര്‍ണാടകയില്‍ കൂര്‍ഗ് ജില്ലയിലെ മടിക്കേരി ഭാഗത്ത് ഇയാള്‍ പോയിരുന്നതായാണ് അധികൃതര്‍ക്കു ലഭിച്ച വിവരം. പക്ഷേ ഇയാള്‍ ഇതുവരെയും ഇക്കാര്യം തുറന്നു പറഞ്ഞിട്ടില്ല.
ഒരുപക്ഷേ ലോക്ക് ഡൗണ്‍ സമയത്ത് അനധികൃതമായി ഊടുവഴികളിലൂടെ സഞ്ചരിച്ചതിനാലാകാം ഇത് മറച്ചുവയ്ക്കുന്നതെന്നാണ് സംശയം. എന്തിനുവേണ്ടിയാണ് പോയതെന്നും വ്യക്തമല്ല.
എന്നാല്‍ കൂര്‍ഗ് ജില്ല ഇപ്പോഴും ഗ്രീന്‍ സോണില്‍ തുടരുന്ന പ്രദേശമാണ്. ഇവിടെ ഒരാള്‍ക്ക് മാത്രമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
കാസര്‍ഗോഡ് ജില്ലയിലും രോഗപ്പകര്‍ച്ച ഉണ്ടായിട്ടുള്ള സ്ഥലങ്ങളുമായോ ആളുകളുമായോ ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല. ഇതുതന്നെയാണ് ആരോഗ്യവകുപ്പിനെയും ജില്ലാ ഭരണകൂടത്തെയും കുഴക്കുന്നത്.