സ്വന്തംലേഖകന്‍
കോഴിക്കോട് : കോവിഡ്-19 പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതിജാഗ്രത തുടരുന്നതിനിടെ വിദേശത്ത് നിന്നെത്തി വീടുകളില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ എഡിജിപിയുടെ നിര്‍ദേശം.
സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരോടാണ് വൈറസ് ബാധ സംശയിക്കുന്നവരുടെ വീടുകളിലും മറ്റുമെത്തി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഇന്റലിജന്‍സ് മേധാവി നിര്‍ദേശിച്ചത്.
വിദേശത്ത് നിന്നെത്തിയവരുടെ വീടുകളില്‍ നേരിട്ടെത്തി ആരോഗ്യവിവരം ചോദിച്ചറിയണമെന്നും ഇവര്‍ വീടുകളില്‍ തന്നെയുണ്ടെന്ന് ഉറപ്പാക്കണമെന്നുമാണ് നിര്‍ദേശം.
വീടുകളില്‍ സന്ദര്‍ശിക്കുന്ന ഉദ്യോഗസ്ഥന് വിദേശത്ത് നിന്നെത്തിയയാളുടെ പാസ്പോര്‍ട്ട് നമ്പറും ശേഖരിക്കണം. ഇപ്രകാരം ശേഖരിക്കുന്ന വിവരങ്ങള്‍ ഇന്ന് തന്നെ വിശദമായി തയാറാക്കി ക്രോഡീകരിച്ച് റേഞ്ച് അടിസ്ഥാനത്തില്‍ എഡിജിപിയ്ക്ക് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം .
അതേസമയം നിര്‍ദേശം നടപ്പാക്കാന്‍ സാധിക്കില്ലെന്ന് എഡിജിപി ഓഫീസിനെ ചില റേഞ്ചുകളില്‍ നിന്ന് അറിയിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയവര്‍ വീടുകളില്‍ തന്നെ ഐസൊലേഷനില്‍ കഴിയണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.
ഇവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആര്‍ആര്‍ടിയും ആരോഗ്യവകുപ്പ് അധികൃതരും അന്വേഷിക്കും. വീടുകളില്‍ ജാഗ്രതയില്‍ കഴിയുന്നവരെ തേടിയെത്തുമ്പോള്‍ വൈറസ് വ്യാപനത്തിനുള്ള സാധ്യത കൂടുതലാവുമെന്നാണ് ഇന്റലിജന്‍സിലെ ഫീല്‍ഡ് സ്റ്റാഫുകളായ പോലീസുകാര്‍ പറയുന്നത്.
യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാതെ വീടുകളില്‍ പോയി സ്ഥിതി വിവരങ്ങള്‍ തേടണമെന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും പോലീസുകാര്‍ പറയുന്നു.
പോലീസുകാര്‍ ഡ്യൂട്ടി കഴിഞ്ഞ് പോവേണ്ടത് കുടുംബാംഗങ്ങള്ക്കിടയിലേക്കാണ്. നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ അവിടെ വിവരശേഖരണത്തിന് പോയ പോലീസുകാരനും നിരീക്ഷണത്തില്‍ കഴിയേണ്ട അവസ്ഥയാണുണ്ടാവുക.
കൂടാതെ ഇത്തരത്തില്‍ അന്വേഷണത്തിനായി പോയ പോലീസുകാരന്റെ കുടുംബവും ആശങ്കയിലാവും . ഈ സാഹചര്യം നിലനില്‍ക്കെയാണ് നിര്‍ദേശം നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന വിവരം ചിലര്‍ എഡിജിപിയുടെ ഓഫീസിനെ അറിയിച്ചത്.
പത്തനംതിട്ടയില്‍ കോവിഡ് 19 പടരുന്നതിനിടെ ശബരിമല ഡ്യൂട്ടിക്കായി ഇതര ജില്ലകളില്‍ നിന്നുള്ള പോലീസ് സേനാംഗങ്ങളെ വിന്യസിപ്പിക്കാനുള്ള എഡിജിപിയുടെ നിര്‍ദേശം വന്‍ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് പുതിയ നിര്‍ദേശവുമായി വീണ്ടും രംഗത്തെത്തിയത്.