വൈക്കം: കൊറോണ ഭീതിയെ തുടർന്നു തൊഴിൽ മേഖല സ്തംഭിച്ചതോടെ ഗ്രാമീണ മേഖലയിൽ ജനജീവിതം ദുരിതപൂർണമായി. വരുമാനം ഇല്ലാതായതോടെ കുടുംബത്തിലെ ദൈനംദിന കാര്യങ്ങൾ നിർവഹിക്കാൻ മാർഗമില്ലാതെ നട്ടംതിരിയുകയാണ് ജനങ്ങൾ.
യാതനകൾക്കിടയിലും നിർധന കുടുംബങ്ങളെ വീർപ്പുമുട്ടിക്കുകയാണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ വായ്പ തുക പിരിക്കൽ. സ്ത്രീകളുടെ അഞ്ചും പത്തും പേരടങ്ങുന്ന ഗ്രൂപ്പുകൾക്ക് 15000 മുതൽ ഒരു ലക്ഷം വരെ വ്യക്തിഗത വായ്പ നൽകിയിട്ടുണ്ട്.
വിവിധ ആവശ്യങ്ങൾക്കായി ഒരു സത്രീ തന്നെ നാലും അഞ്ചും ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ഇത്തരത്തിൽ വായ്പ സ്വീകരിച്ചിട്ടുണ്ട്. സ്വകാര്യ ധനകാര്യ സ്ഥാപന വായ്പയ്ക്കു പുറമെ കുടുംബശ്രീ വായ്പയും ബാങ്കിൽ നിന്നെടുത്ത ഭവന നിർമാണ വായ്പയും ഇവരിൽ പലർക്കുമുണ്ട്.
കൂലിപ്പണിക്കാരും വ്യാപാര സ്ഥാപനങ്ങളിലും മറ്റിടങ്ങളിലും തൊഴിലെടുക്കുന്ന വനിതകൾ ജീവിതച്ചെലവുകൾ ചുരുക്കി ഒരു തവണ പോലും മുടക്കാതെ ആഴ്ചയിലും മാസത്തിലുമായി വായ്പ തുക അടച്ചു വരികയായിരുന്നു. മിക്ക സ്ത്രീകൾക്കും എല്ലാ വായ്പകൾക്കുമായി ഒരു മാസം 17000 രൂപയോളം അടക്കേണ്ടി വരുന്നു.
സ്ത്രീകളുടെ വരുമാനത്തിനു പുറമെ ഗൃഹനാഥനിൽ നിന്നു ലഭിക്കുന്ന തുക കൂടി ചേർത്താണ് വീട്ടമ്മമാർ ഈവായ്പകൾ അടച്ചിരുന്നത്. കൊറോണ ഭീതി മൂലം തൊഴിൽ മേഖല സ്തംഭിച്ചതോടെ നിർധന കുടുംബങ്ങൾക്കു വായ്പയടക്കാൻ മാർഗമില്ലാതായിരിക്കുകയാണ്.
നാടാകെ കൊറോണ വ്യാപന ജാഗ്രതയിൽ വീടുകളിൽ കഴിയുന്പോൾ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ വായ്പക്കാർക്കു ഇളവ് നൽകാതെ നാട്ടിൽ വായ്പ തുക പിരിക്കാൻ എത്തുകയാണ്.
വായ്പ അടയ്ക്കാൻ മാർഗമില്ലാതെ നട്ടംതിരിയുന്ന കുടുംബങ്ങളിൽ പലതവണ എത്തി കലഹിച്ചും ഭീഷണിപ്പെടുത്തിയും പണം ഇടാക്കിയാക്കിയാണിവർ മടങ്ങുന്നത്.
രോഗഭീതി മാറി ജനജീവിതം സാധാരണ സ്ഥിതിയിലാകുന്നതുവരെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ വായ്പ തുക ഇടാക്കൽ ഒഴിവാക്കുന്നതിനു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും രാഷ്്ട്രീയ പ്രസ്ഥാനങ്ങളും ഇടപെടണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.