ലണ്ടൻ: കോവിഡ്-19 അമേരിക്കയിൽ 22 ലക്ഷം പേരുടെ ജീവനെടുക്കുമെന്ന് പഠനറിപ്പോർട്ട്. ലണ്ടൻ ഇംപീരിയൽ കോളജ് മാത്തമാറ്റിക്കൽ ബയോളജി പ്രഫസർ നീൽ ഫെർഗൂസണിന്റെ നേതൃത്വത്തിൽ നടത്തിയ പഠന റിപ്പോർട്ടിലാണ് ഇത്തരത്തിൽ മുന്നറിയിപ്പ് നൽകുന്നത്.
പ്രധാനമായും ഇറ്റലിയിൽനിന്നുള്ള കണക്കുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയാറാക്കിയത്. ഇപ്പോൾ കൃത്യമായ മുൻകരുതൽ നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ അമേരിക്കയിൽ 22 ലക്ഷവും ബ്രിട്ടനിൽ അഞ്ചു ലക്ഷവും മരിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്സണ് മുൻകരുതൽ നടപടികൾ ഉൗർജിതമാക്കി. ആളുകളുടെ ഒത്തുചേരൽ ഉൾപ്പെടെ സർക്കാർ വിലക്കിയിട്ടുണ്ട്.
ബ്രിട്ടനിൽ ഇതിനകം 55,000 പേർക്ക് കൊറോണ രോഗം ബാധിച്ചിരിക്കാൻ സാധ്യതയുണ്ടെന്നാണു ബ്രിട്ടീഷ് സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സർ പാട്രിക് വാലൻസിന്റെ വിലയിരുത്തൽ. ഇതിൽ 20,000 പേർ വരെ മരണമടഞ്ഞേക്കാമെന്നും വാലൻസ് പറഞ്ഞു.
കൊറോണ വ്യാപനം തടയുന്നതിനു ലക്ഷ്യമിട്ട് ജോണ്സൻ ഭരണകൂടം ഒട്ടേറെ നടപടികൾ പ്രഖ്യാപിച്ചു. രോഗബാധ സംശയിക്കുന്ന എഴുപതു വയസിനു മുകളിൽ പ്രായം ചെന്നവർ 12 ആഴ്ചത്തേക്ക് സ്വയം ക്വാറന്റൈനിൽ പോകണം.
പബ്ബുകളും ബാറുകളും തിയറ്ററുകളും ക്ലബ്ബുകളും സന്ദർശിക്കുന്നത് കഴിയുന്നത്ര ഒഴിവാക്കണം. അടിയന്തര ശസ്ത്രക്രിയകൾ ഒഴിച്ചുള്ളവ ഒഴിവാക്കാനും ആശുപത്രികൾക്ക് നിർദേശം നൽകി.