സ്വന്തം ലേഖകന്‍
തൃശൂര്‍: കോവിഡിന്റെ പ്രാദേശിക വ്യാപനം തടയുന്നതില്‍ ജില്ല ആരോഗ്യവകുപ്പ് കൈക്കൊണ്ട നടപടികള്‍ മൂലം ജില്ല ഇപ്പോള്‍ സേഫ് പൊസിഷിനലാണെന്നും എങ്കിലും ജാഗ്രതയും നിരീക്ഷണങ്ങളും ശക്തമായി തുടരുമെന്നും ഡിഎംഒ ഡോ.കെ.ജെ. റീന പറഞ്ഞു.
അസുഖം ബാധിച്ചവരെല്ലാം വിദേശത്തുനിന്ന്, പ്രത്യേകിച്ച് കോവിഡ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിടങ്ങളില്നിന്ന് വന്നവരാണെന്നും അവരെല്ലാം ചികിത്സയിലാണെന്നും രോഗം സുഖപ്പെട്ടുവരുന്നതായും ഡിഎംഒ പറഞ്ഞു.
ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത് അഞ്ചു പേരാണ്. ഫ്രാന്‍സില്‍ നിന്നെത്തി ദമ്പതികള്‍, മൗറീഷ്യസില്‍ നിന്നെത്തിയ ആള്, മറ്റു രണ്ടുപേര്‍ എന്നിവരാണ് ചികിത്സയിലുള്ളത്. രണ്ടുപേര്‍ അസുഖംമാറി ഡിസ്ചാര്‍ജായിട്ടുണ്ട്.
തൃശൂര്‍ ജില്ല സുരക്ഷിതമാണെങ്കിലും രോഗം പടരുന്ന മറ്റു ജില്ലകളില്‍നിന്നു തൃശൂരിലെത്തുന്നവരെ ക്വാറന്റൈന് ചെയ്യുന്നുണ്ട്. കൂടുതല്‍ പേര് നിരീക്ഷണത്തില്‍ കഴിയുന്ന ജില്ലകളിലൊന്ന് തൃശൂരായത് ആരോഗ്യവകുപ്പിന്റെ കരുതല്‍ കൊണ്ടാണെന്നും നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം കൂടുന്നതില്‍ ആശങ്ക വേണ്ടെന്നും ഡിഎംഒ പറഞ്ഞു.
വിദേശത്തു നിന്നുള്ള അവസാനത്തെ വിമാനത്തില്‍ വന്നവരെ 14 ദിവസം ക്വാറന്റൈനിലാക്കിയിട്ടുണ്ട്.