ബംഗളൂരു: കൊറോണ വൈറസ് പടർത്താൻ ആഹ്വാനം ചെയ്ത് സമൂഹമാധ്യമത്തിൽ കുറിപ്പിട്ട ഇൻഫോസിസ് ജീവനക്കാരൻ ബംഗളൂരുവിൽ അറസ്റ്റിലായി. ഇൻഫോസിസ് ജീവനക്കാരനായ മുജീബ് മുഹമ്മദ് (25) ആണ് അറസ്റ്റിലായത്. ഫേസബുക്കിലാണ് മുജീബ് കുറിപ്പിട്ടത്.
കൈകോർക്കാം. പൊതുസ്ഥലത്തു ചെന്നു തുമ്മാം. വൈറസ് പടർത്താം-ഇതായിരുന്നു മുജീബിന്റെ കുറിപ്പ്. സംഭവത്തെ തുടർന്ന് മുജീബിനെ ഇൻഫോസിസ് പുറത്താക്കി.
മുജീബിന്റെ സമൂഹമാധ്യമത്തിലെ കുറിപ്പ് ഇൻഫോസിസിന്റെ പെരുമാറ്റച്ചട്ടത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും എതിരാണ്. ഇൻഫോസിസിന് അത്തരം പ്രവൃത്തികളോട് സഹിഷ്ണുതയില്ലാത്ത നയമാണ് സ്വീകരിക്കുന്നത്. അതനുസരിച്ച് മുജീബിനെ ജോലിയിൽനിന്നും പിരിച്ചുവിട്ടതായി കമ്പനി അറിയിച്ചു.
കൊറോണ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവെന്ന തരത്തിൽ ഓഡിയോ സന്ദേശം പ്രചരിപ്പിച്ചുവെന്ന കേസിൽ നാഗ്പുരിൽ മൂന്നുപേർ അറസ്റ്റി ലായിരുന്നു. അമിത് പ്രാഥ്വി, ജയ് ഗുപ്ത, ദിവ്യാൻഷു മിശ്ര എന്നിവരാണ് പിടിയിലായത്. ഇവരിൽ ഒരാൾ നഗരത്തിലെ ക്ലബ് ഉടമയാണെന്ന് പോലീസ് പ റഞ്ഞു.
കഴിഞ്ഞ 24 നാണ് ഓഡിയോ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. നാഗ്പുരിൽ മാത്രം 59 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചെന്നായിരുന്നു സന്ദേശത്തിൽ പറഞ്ഞിരുന്നത്. ഇവ ജനങ്ങളിൽ ഭീതി പരത്തുന്നതായിരുന്നെന്ന് പോലീസ് പറഞ്ഞു.