സ്വന്തം ലേഖകന്‍
തൃശൂര്‍: കേരളത്തിലേക്ക് 45 യാത്രക്കാരുമായി ഡല്‍ഹിയില്‍നിന്ന് രണ്ടു ബസുകളെത്തി. ഇറ്റലിയില്‍നിന്നു ഡല്‍ഹിയിലെത്തി അവിടെ 20 ദിവസത്തെ ക്വാറന്റൈനില്‍ കഴിഞ്ഞവരാണ് ഇവര്‍. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള 45 പേരാണ് ബസിലുള്ളത്. ഇവര്‍ ഇന്നുരാവിലെയാണ് കേരളത്തിലേക്ക് പ്രവേശിച്ചത്.
ഡല്‍ഹിയില്‍നിന്ന് ഇവരുടെ സ്രവം പരിശോധിച്ച് കോവിഡ് 19 ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നെഗറ്റീവ് ആയിട്ടുള്ളവര്‍ മാത്രമാണ് ബസിലുള്ളതെന്ന് അധികൃതര്‍ പറയുന്നു. തൃശൂരില്‍ നിന്നുള്ള നാലോ അഞ്ചോ പേര് ബസിലുണ്ട്.
മണ്ണുത്തിയില്‍ ബസ് എത്തിക്കഴിഞ്ഞാല്‍ അവരെ അവിടെ നിന്നും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആംബുലന്‍സുകളില്‍ അവരവരുടെ വീടുകളിലെത്തിക്കും.
ഇവരോട് വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഡല്‍ഹിയില്‍നിന്ന് കേരളം വരെയുള്ള ബസ് യാത്രക്കിടെ കോവിഡ് സ്ഥിരീകരിച്ച പലയിടങ്ങളിലും ഇവര്‍ ഭക്ഷണം കഴിക്കാനും മറ്റുമായി ഇറങ്ങിയിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ക്കും ഇതു സംബന്ധിച്ച് അറിയിപ്പ് നല്‍കിയിട്ടുണ്ട്.