കൊച്ചി: ജില്ലയില്‍നിന്നും കൊറോണ വൈറസ് ഭീതി ഒഴിയുന്നു. നിലവില്‍ ജില്ലയിലെ ആശുപത്രികളില്‍ ആരും നിരീക്ഷണത്തിലില്ലെന്നും കളമശേരി മെഡിക്കല്‍ കോളജിലെ ഐസോലേഷന് വാര്‍ഡില്‍ പുതുതായി ആരെയും നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
അതിനിടെ കഴിഞ്ഞ ദിവസം ചൈനയില്‍നിന്നും മടങ്ങിയെത്തിയ വിദ്യാര്‍ഥികളുടേതടക്കം 16 പേരുടെ സാമ്പിളുകളുടെ ഫലം ലഭിച്ചു. എല്ലാ സാമ്പിളുകളുടെയും പരിശോധനാഫലം നെഗറ്റീവാണെന്ന് അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നുള്ള 15 വിദ്യാര്‍ഥികളാണ് ഏതാനും ദിവസംമുമ്പ് പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തിയത്.
ഇവരുടേതടക്കം പരിശോധന ഫലമാണ് പുറത്തുവന്നത്. ഇതിനിടെ, ഇന്നലെ ജില്ലയില്‍നിന്നും ആലപ്പുഴ എന്‍ഐവിയിലേക്ക് ഇന്നലെ രണ്ട് സാമ്പിളുകള്‍കൂടി അയച്ചിട്ടുണ്ട്. ജില്ലയില്‍ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെ ഇന്നലെ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. ചന്ദ്രശേഖരന് നായരുടെ അധ്യക്ഷതയില്‍ ജില്ലാ കണ്ട്രോള് റൂമില്‍ അവലോകന യോഗം ചേര്‍ന്നു.
വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ അവധി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം തേടാന്‍ യോഗത്തില്‍ തീരുമാനിച്ചു. സര്‍ക്കാര്‍ തീരുമാനപ്രകാരമാകും ഇതിന്മേല് തുടര്‍ നടപടികള്‍ സ്വീകരിക്കുക.
കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ ചൈനയിലെ രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിവന്ന 28 പേരെ കൂടി മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സ്വന്തം വീടുകളില്‍ തന്നെ കഴിയാനും ആവശ്യപ്പെട്ടിട്ടുണ്ട്.
നിരീക്ഷണ കാലയളവ് അവസാനിച്ചതിനെത്തുടര്‍ന്നു വീടുകളില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന ഒന്‍പത് പേരെ കൂടി നിരീക്ഷണത്തില്‍നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ള ആളുകളുടെ എണ്ണം 332 ആയി.
അതിനിടെ, കൊറോണ ജില്ലാ കണ്ട്രോള് റൂമിലേക്ക് ഇന്നലെ 28 കോളുകള്‍ ലഭിച്ചു. നിരീക്ഷണ കാലാവധി കഴിഞ്ഞവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യത്തിനായാണു പലരും വിളിച്ചത്. ഇത് സംബന്ധിച്ച് സംസ്ഥാനതലത്തില്നിന്നും മാര്‍ഗനിര്‍ദേശങ്ങള്‍ വരുന്ന പ്രകാരം സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണെന്ന് അധികൃതര്‍ പറഞ്ഞു.
അതിനിടെ, രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഇന്നലെയും തുടര്‍ന്നു. ജില്ലയിലെ വിവിധ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ക്കുള്ള ബോധവത്ക്കരണ ക്ലാസുകളും പരിശീലനവും നടത്തി.
ചേരാനല്ലൂര്‍, ചിറ്റാറ്റുകര എന്നിവിടങ്ങളില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും, വൈപ്പിനില്‍ അങ്കണവാടി പ്രവര്‍ത്തകര്‍ക്കും പ്രത്യകം ക്ലാസുകള്‍ സംഘടിപ്പിച്ചു. വടവുകോട്, തൃപ്പുണിത്തുറ എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു.