തൃശൂർ: കൊറോണ വൈറസ് ബാധ സംശയിച്ചു ഡോക്ടറുടെ മാതാപിതാക്കളെ ഫ്ളാറ്റിനുള്ളിൽ പൂട്ടിയിട്ടു. തൃശൂർ മുണ്ടുപാലത്താണു സംഭവം. പ്രാഥമിക പരിശോധനയിൽ ഇവർക്കു കൊറോണ ഇല്ലെന്നു സ്ഥിരീകരിച്ചു.
റസിഡൻസ് അസോസിയേഷൻ ഭാരവാഹികളാണു കോവിഡ്-19 ബാധയുണ്ടെന്നാരോപിച്ചു വയോധികരായ രണ്ടുപേരെ ഫ്ളാറ്റിനുള്ളിൽ പൂട്ടിയിട്ടത്. ഫ്ളാറ്റിന്റെ വാതിലിൽ കൊറോണയെന്ന ബോർഡ് വയ്ക്കുകയും ചെയ്തു. സൗദിയിൽ ഡോക്ടറായ മകനെ സന്ദർശിച്ചു നാട്ടിലെത്തിയതായിരുന്നു ദന്പതികൾ.
മുറിക്കുള്ളിൽ കുടുങ്ങിയ ഇവർ ഫോണിൽ വിളിച്ചറിയച്ചതിനെത്തുടർന്നു പോലീസെത്തിയാണ് ഇവരെ മോചിപ്പിച്ചത്. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഫ്ളാറ്റ് അസോസിയേഷൻ ഭാരവാഹികളെ അറസ്റ്റ് ചെയ്തു.
അതേസമയം, ഡോക്ടറെ പൂട്ടിയിട്ടുവെന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും ഡോക്ടറുടെ മാതാപിതാക്കളെയാണു പൂട്ടിയിട്ടതെന്നും തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ്ഐ പി.പി. ജോയ് പറഞ്ഞു. തെറ്റായ വാർത്ത പ്രചരിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് അസോസിയേഷൻ ഭാരവാഹികൾക്കെതിരേ കേസെടുത്തിരിക്കുന്നത്.