അന്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിൽ നിന്നു മുങ്ങിയ വിദേശ ദന്പതികളെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജാശുപത്രിയിൽ എത്തിയതിനു ശേഷം ചികിൽസ തേടാതെ മുങ്ങിയ ഇവരെ നെടുന്പാശേരി എയർപോർട്ടിൽ നിന്നാണ് പിടികൂടിയത്.
ഇന്നലെ ഉച്ചയോടെയാണ് യുകെ സ്വദേശികളായ യുവാവും യുവതിയും കൊറോണ രോഗലക്ഷണങ്ങളുമായി ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽ എത്തിയത്. എന്നാൽ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുന്നതിന് മുന്പ് ഇരുവരും ആശുപത്രിയിൽ നിന്നും കടക്കുകയായിരുന്നു.
വിദേശികൾ വിളിച്ചതനുസരിച്ച് ഓട്ടം പോയ മെഡിക്കൽ കോളജാശുപത്രി പരിസരത്തെ ടാക്സി ഡ്രൈവറും ചികിത്സ തേടി. ഇദ്ദേഹം ഇപ്പോൾ നിരീക്ഷണത്തിലാണ്. ആശുപത്രി ജീവനക്കാരുടെ അനാസ്ഥയും ഉത്തരവാദിത്വമില്ലായ്മയുമാണ് വിദേശികൾ ആശുപത്രിയിൽ നിന്ന് കടന്നു കളയാൻ കാരണമായതെന്ന് ആരോപണമുയർന്നിട്ടുണ്ട്.