ബിജു കുര്യന്
പത്തനംതിട്ട: മാര്‍ച്ച് ഏഴിന് ആരംഭിച്ച കോവിഡ് 19ന്റെ കേരളത്തിലെ രണ്ടാംഘട്ടം ആശ്വാസനത്തിനു വഴിതുറക്കുന്നു. സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം കുറച്ചുവെന്നതാണ് കേരളത്തിന് ഈ ഘട്ടത്തില്‍ അഭിമാനമാകുന്നത്.
മാര്‍ച്ച് എട്ടിന് പത്തനംതിട്ടയില്‍ തുടക്കമിട്ട പ്രതിരോധയജ്ഞം സംസ്ഥാനം മുഴുവന്‍ ദിവസങ്ങള്‍ക്കുള്ളില്‍ വ്യാപിപ്പിച്ച് ആരോഗ്യവകുപ്പ് നടത്തിയ ഭഗീരഥ പ്രയത്നത്തിന് നല്ല പ്രതികരണം ലഭിച്ചത് ശുഭപ്രതീക്ഷയായി.
ജനുവരി 30ന് ചൈനയിലെ വുഹാനില്‍ നിന്നു തൃശൂരിലെത്തിയ വിദ്യാര്‍ഥിനിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് കേരളത്തില്‍ ആദ്യഘട്ട ജാഗ്രത ആരംഭിച്ചത്.
പിന്നാലെ ആലപ്പുഴയിലും ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. രണ്ടു കേസുകളിലും വ്യാപനമില്ലാതെ രോഗം ബാധിച്ചവരെ ഭേദമാക്കിയ ആശ്വാസത്തില്‍ കഴിയുമ്പോഴാണ് ആരോഗ്യവകുപ്പിനെ ഞെട്ടിച്ച് മാര്‍ച്ച് ഏഴിന് പത്തനംതിട്ട ജനറല്‍ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞ അഞ്ചുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
ഇറ്റലിയില്‍ നിന്നെത്തിയ മൂന്നംഗ കുടുംബത്തിനും അവരുടെ സഹോദരനും ഭാര്യയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. എട്ടിനു രാവിലെ സര്‍വസന്നാഹങ്ങളോടെ പത്തനംതിട്ടയില്‍ ആരോഗ്യവകുപ്പ് സജ്ജമായി.
ഇത്രയധികം പേരില്‍ ഒന്നിച്ചു രോഗം സ്ഥിരീകരിച്ചതിന്റെ ആശങ്ക അലട്ടുമ്പോള്‍ തന്നെ പ്രതിരോധത്തിനുവേണ്ടി ഒന്നിച്ചുള്ള പടയോട്ടമാണ് പത്തനംതിട്ടയിലും രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ കേരളമൊട്ടാകെയും ആരംഭിച്ചത്.
വ്യാപനം പിടിച്ചുകെട്ടുകയെന്ന ലക്ഷ്യത്തോടെ രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ ആശുപത്രി നിരീക്ഷണത്തിലും മറ്റു സമ്പര്‍ക്കക്കാരെ വീടുകളിലും നിരീക്ഷണത്തിലുമാക്കി. ഇതു വന്‍നേട്ടമായി.
ഇറ്റലി കുടുംബത്തില്‍ നിന്നുള്ള രോഗവ്യാപനം അവരുടെ അടുത്ത ബന്ധുക്കളില്‍ ഒതുങ്ങി. ഇറ്റലി കുടുംബം അടക്കം 11 പേര് ആ കണ്ണിയില്‍ രോഗബാധിതരായപ്പോള്‍ പുറമേ കോട്ടയം മെഡിക്കല്‍ കോളജില്‍ അവരെ ചികിത്സിച്ച ഒരു നഴ്സിനു മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.
ഈ ഗണത്തില്‍ ഇനി ഒരാള്‍ മാത്രമാണ് രോഗം ഭേദമാകാനുള്ളത്. പത്തനംതിട്ടയില്‍ ഇന്നലെ വരെ 16 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ എട്ടുപേരില്‍ രോഗം ഭേദമാകുകയും ചെയ്തു.
ആദ്യഘട്ടത്തില്‍ രോഗം സ്ഥിരീകരിക്കുന്നതിനു മുമ്പു നടന്ന വ്യാപനം മാത്രമേ പത്തനംതിട്ടയിലുണ്ടായിട്ടുള്ളൂവെന്നതാണ് അഭിമാനമായത്. ക്വാറന്റൈനിലൂടെ പത്തനംതിട്ട നടത്തിയ മുന്നേറ്റം പ്രയോജനപ്പെട്ടു.
രോഗികളുടെ ഫ്ളോചാര്ട്ട് തയാറാക്കി സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തി. ഇത്തരത്തില്‍ 1200 ഓളം ആളുകള്‍ വീടുകളിലും ആശുപത്രിയിലും നിരീക്ഷണത്തിലായി. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കി, മതസമ്മേളനങ്ങളും ആരാധനാലയങ്ങളിലും ഒന്നിച്ചുകൂടലും നിര്‍ത്തി.
വിവാഹങ്ങളിലും സംസ്കാര ശുശ്രൂഷകളിലും പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തി. പത്തനംതിട്ടയില്‍ ആരംഭിച്ച ഈ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ വ്യാപകമാകാന്‍ അധികസമയം വേണ്ടിവന്നില്ല.
വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ക്വാറന്റൈന് നിര്‍ദേശിക്കപ്പെട്ടതും പത്തനംതിട്ടയില്‍. ഇതു 28 ദിവസം തന്നെ വേണമെന്ന് നിര്‍ബന്ധം പിടിച്ചതും ഗുണകരമായി.
രോഗലക്ഷണങ്ങളില്ലാതെ 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞവര്‍ക്ക് പിന്നീട് സ്രവപരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയുണ്ടായി. ഇതോടെ ജാഗ്രത കൂടുതല്‍ വേണമെന്നായി.
പത്തനംതിട്ടയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളെയും അതിലൂടെയുണ്ടായ നേട്ടത്തെയും കഴിഞ്ഞദിവസം കേന്ദ്ര ആരോഗ്യമന്ത്രാലയം അഭിനന്ദിച്ചിരുന്നു.