രാജ്യം മാത്രമല്ല ലോകം മുഴുവന്‍ കോവിഡ്19 ഭീതിയില്‍ വിറങ്ങലിച്ചിരിക്കുമ്പോഴും തട്ടിപ്പ് നടത്തുന്ന ചിലരുണ്ട്.
മനുഷ്യാവകാശ കമ്മീഷന്റെ പേരു പറഞ്ഞ് തട്ടിപ്പു നടത്തിയ പട്ടാമ്പി സ്വദേശികളായ ദമ്പതികളാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.
മനുഷ്യാവകാശ കമ്മീഷന്റെ പേരു പറഞ്ഞായിരുന്നു ഇവരുടെ തട്ടിപ്പുകള്‍. പട്ടാമ്പി സ്വദേശി എ. എം മുസ്തഫയും ചേലക്കോട് സ്വദേശി നസീമയുമാണ് വ്യാഴാഴ്ച പഴയന്നൂരില്‍ അറസ്റ്റിലായത്.
മനുഷ്യാവകാശ കമ്മീഷന്റെ പേരു പറഞ്ഞ് പഴയന്നൂരിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും 50 കിലോ അരിയും 25 കിലോ പഞ്ചസാരയും 25 കിലോ ആട്ടയുമാണ് ഇവര്‍ തട്ടിയത്.
സാധനം വാങ്ങിയതിന്റെ പണം ചോദിച്ചപ്പോള്‍ തങ്ങള്‍ മനുഷ്യാവകാശ കമ്മീഷനില്‍ നിന്നാണെന്നും ചാരിറ്റി പ്രവര്‍ത്തനത്തിനാണ് സാധനങ്ങള്‍ കൊണ്ടു പോകുന്നതെന്നുമായിരുന്നു ഇവര്‍ പറഞ്ഞത്.
കൂടുതല്‍ കളിച്ചാല്‍ കട അടപ്പിക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. പിന്നീട് കടയുടമയുടെ പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികള്‍ കുടുങ്ങിയത്.
ഹ്യൂമന്‍ റൈറ്റ് ഓര്ഗനൈസേഷന് എന്ന ബോര്‍ഡ് വച്ച വണ്ടിയില്‍ എത്തിയായിരുന്നു തട്ടിപ്പ്. നീലയില്‍ വെള്ള അക്ഷരത്തില്‍ എഴുതിയ ബോര്‍ഡാണ് കാറിലുണ്ടായിരുന്നത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മാത്രമാണ് നീലയില്‍ വെള്ള അക്ഷരങ്ങളിലുള്ള ബോര്‍ഡ് സ്ഥാപിക്കാന്‍ അവകാശം.
ആര്‍ക്കും സംശയമില്ലാതിരിക്കാന്‍ വേണ്ടിയാണ് ഹ്യൂമന്‍ റൈറ്റ്സ് ഓര്ഗനൈസേഷന് എന്ന ബോര്‍ഡ് വച്ചത്. ഈ പേരില്‍ ഒരു ചാരിറ്റി സംഘടനയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ചാരിറ്റിയുടെ മറവില്‍ വന്‍ തട്ടിപ്പു നടത്തുന്നതാണ് ഇവരുടെ രീതി. പെരുമാറ്റത്തിലും നടപ്പിലുമെല്ലാം തികഞ്ഞ മനുഷ്യാവകാശ പ്രവര്‍ത്തകരായ ഇവര്‍ മുമ്പും സമാനരീതിയില്‍ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നാണ് വിവരം.