പെരിങ്ങോം: നിരന്തരമായ ദേഹോപദ്രവം സഹിക്കാനാകാതെ പരാതി നല്കിയ വിരോധത്തില്‍ ഭാര്യയുടെ പല്ല് അടിച്ചുകൊഴിച്ച ഭര്‍ത്താവിനെതിരേ പെരിങ്ങോം പോലീസ് കേസെടുത്തു. തിരുവനന്തപുരം തമ്പാനൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ഇരുപത്തൊമ്പതുകാരിയുടെ പരാതിയിലാണു പുറക്കുന്ന് പെരുന്തട്ടയിലെ പി.വി. രാജേഷിനെതിരേ തമ്പാനൂര്‍ പോലീസും പെരിങ്ങോം പോലീസും കേസെടുത്തത്.
2021 ഏപ്രില്‍ 18 മുതല്‍ മദ്യപിച്ചുവന്നുള്ള ദേഹോപദ്രവത്തിനെതിരേ ഭാര്യയുടെ പരാതിയില്‍ കേസെടുത്തിരുന്നു. ഇതിന്റെ വിരോധവും സംശയവുംമൂലം കത്തിയുടെ പിടികൊണ്ട് ഭാര്യയുടെ കണ്ണിന് താഴെ ഇടിച്ച് പരിക്കേല്‍പ്പിച്ച സംഭവമുണ്ടായിരുന്നു. പിന്നീട് കഴിഞ്ഞവര്‍ഷം കണ്ണാടിയുടെ പൊട്ടിയ ഭാഗംകൊണ്ട് ചുണ്ടിന് അടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു.
ഇതേതുടര്‍ന്നുള്ള പരാതിയില്‍ ചൈല്‍ഡ് ലൈനില്‍നിന്നും പ്രതിക്ക് നോട്ടീസ് വന്ന ദിവസം പരാതിക്കാരിയുടെ പല്ല് അടിച്ചുകൊഴിച്ച സംഭവമുണ്ടായി.
കഴിഞ്ഞ ഡിസംബര്‍ 23ന് കീഴ്ത്താടിയില്‍ അടിച്ചുമുറിവേല്‍പ്പിച്ചു. നിരന്തരമായ പീഡനമാണ് ഭര്ത്താവില്നിന്നുണ്ടായതെന്ന പരാതിയില്‍ തമ്പാനൂര്‍ പോലീസ് കേസെടുത്തിരുന്നു. ഇതിനുശേഷം തമ്പാനൂര്‍ പോലീസ് പെരിങ്ങോം പോലീസിന് കൈമാറിയ പരാതിയില്‍ പെരിങ്ങോം പോലീസും കേസെടുക്കുകയായിരുന്നു.