കുമരകം: കോടതി ഉത്തരവിൽ നിസഹായനായി രോഗിയായ ഗൃഹനാഥൻ. ഒന്നേമുക്കാൽ സെന്റിലെ വീട്ടിൽ കട നടത്തുന്ന വരുമാനംകൊണ്ട് ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസ് നടത്തി ജീവിക്കുന്ന വൃക്കരോഗിയുടെ വീട് പൊളിച്ചു മാറ്റണമെന്നാണ് കോടതി ഉത്തരവായിരിക്കുന്നത്.
അപ്സര ജംഗ്ഷനിൽ പച്ചക്കറിക്കട നടത്തുന്ന പൊട്ടിപ്പറന്പിൽ സുനിലിന്റെ (44) കിടപ്പ് മുറിയുടെ ഒരു ഭിത്തിയും ബാത്ത് റൂമും പൊളിച്ചുനീക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
ആകെയുള്ള ഒന്നേമുക്കാൽ സെന്റിൽ 25 വർഷം മുന്പ് പിതാവ് വെച്ചതാണ് രണ്ടു മുറിയുള്ള വീട്. ഇത് തകർന്നു വീഴാറായ അവസ്ഥയിലാണ്.
കോടതി ഉത്തരവു നടപ്പിലാക്കാൻ ഏതാനും ഭാഗം പൊളിക്കാൻ ശ്രമിച്ചാൽ ഇത് പൂർണമായും നിലം പൊത്തും. സുനിലും ഭാര്യ ജയനോയും താമസിക്കുന്നതും കട നടത്തുന്നതും ഈ വീട്ടിലാണ്.
കടയിൽ നിന്നുള്ള ചെറിയ വരുമാനവും സുമനസുകൾ നൽകുന്ന സഹായങ്ങൾ കൊണ്ടുമാണ് ആഴ്ചയിൽ രണ്ടു തവണ വീതം സുനിലിനു ഡയാലിസിസ് ചെയ്യുന്നത്. ഭാര്യക്കും ഭാരമേറിയ ജോലികൾ ചെയ്യാൻ കഴിയില്ല.
പാലക്കാട്ട് ചെറിയ ജോലികൾ ചെയ്തുവന്ന സുനിൽ രോഗിയായതോടെയാണ് നാലുവർഷം മുന്പ് കുമരകത്ത് തിരികെ എത്തിയത്.
പണയം വച്ച് ബാങ്കിൽനിന്ന് ലോണെടുത്തിട്ടുള്ള സ്ഥലമാണ് കോടതിയുടെ ദൃഷ്ടിയിൽ നിയമ വിരുദ്ധമായി മാറിയിരിക്കുന്നത്.
അയൽവാസി കോടതിയെ തെറ്റിദ്ധരിപ്പിച്ച് രോഗിയായ തന്നെ ജീവിക്കാൻ അനുവദിക്കില്ലെന്നുള്ള വിധി സന്പാദിച്ചിരിക്കുകയാണെന്ന് സുനിൽ പറയുന്നു.