മല്ലേശ്വരം: ഹോം വർക്ക് ചെയ്യാതെ വന്ന ഒരു ക്ലാസിലെ 50 ഓളം കുട്ടികളെ പുറത്താക്കിയ സ്കൂളിന് വീണ്ടും തിരിച്ചടി. ഒരു ലക്ഷം രൂപയാണ് കോടതി ഈ വിഷയത്തിൽ സ്കൂളിന് പിഴയിട്ടിരിക്കുന്നത്. കൂടാതെ പിഴ തുക രണ്ടാഴ്ചക്കുള്ളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.
കര്‍ണ്ണാടകയിലെ മല്ലേശ്വരത്തെ ബ്രിഗേഡ് ഗേറ്റ് വേ എൻക്ലേവിലെ ബ്രിഗേഡ് സ്കൂളിലാണ് സംഭവം. ഹോം വര്‍ക്ക് ചെയ്യാത്ത വിദ്യാർഥികൾ ക്ലാസിന് പുറത്ത് പോകണമെന്നും, 10,000 രൂപ പിഴ അടച്ച് സത്യവാങ്മൂലം സമര്‍പ്പിക്കമമെന്നും സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.
സംഭവത്തെ തുടർന്ന് ഒരു കുട്ടിയുടെ അച്ഛൻ കോടതിയെ സമീപിച്ചു. തുടർന്ന് വിദ്യാർഥികളെ ക്ലാസിൽ ഇരിക്കാൻ അനുവദിച്ച് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കോടതിയുടെ ഈ ഉത്തരവ് പാലിക്കാൻ സ്കൂൾ അധികൃതർ തയാറായില്ല.
പിന്നാലെ കുട്ടിയുടെ അച്ഛൻ കോടതിയെ വീണ്ടും സമീപിച്ചു. തുടർന്ന് ഈ കോടതി അലക്ഷ്യ ഹർജിയിലാണ് സ്കൂളിനോട് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാൻ കോടതി ഉത്തരവിട്ടത്.
എസ്എസ്എൽസി സ്കൂൾ വിദ്യാഭ്യാസത്തിലെ നാഴികക്കല്ലാണെന്നും അതിനാൽ 9-ാം ക്ലാസ് പഠനവും പ്രധാനമാണെന്നും കോടതി വിലയിരുത്തി. അതേസമയം , കോടതി നോട്ടീസ് കിട്ടിയതിന് പിന്നാലെ ഡിസംബർ 14 ന് തന്നെ തന്നെ കുട്ടികളെ ക്ലാസില്‍ കയറ്റിയെന്നും കുട്ടികള്‍ക്ക് നഷ്ടപ്പെട്ട ക്ലാസുകള്‍ക്ക് പകരം സ്പെഷ്യല്‍ ക്ലാസ് നല്‍കുമെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചു.