എം ജെ ശ്രീജിത്ത്
തിരുവനന്തപുരം : കൊറോണയ്ക്കുള്ള വാക്സിൻ ഉടൻ വരുമെന്ന സൂചനകൾ പുറത്തുവന്നതോടെ വാക്സിൻ സൂക്ഷിക്കാനുള്ള തയാറെടുപ്പുകൾ ആരോഗ്യവകുപ്പ് ആരംഭിച്ചു.
കേന്ദ്രനിർദേശത്തെത്തുടർന്നാണ് അടിയന്തര ഒരുക്കങ്ങൾ നടത്തുന്നത്. വാക്സിൻ വിതരണവും സംഭരണവും മെഡിക്കൽ സർവീസ് കോർപറേഷൻ വഴിയാണ്.
വാക്സിൻ ഫ്രീസറിലാണ് സൂക്ഷിക്കുന്നത്. അതുകൊണ്ട് മെഡിക്കൽ സർവീസ് കോർപറേഷനോടു വാക്സിൻ സൂക്ഷിച്ചു വയ്ക്കാനുള്ള ഫ്രീസറുകൾ എത്രയും പെട്ടെന്നു പ്രവർത്തനക്ഷമമാക്കി വയ്ക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി.
ആവശ്യത്തിനു ഫ്രീസറുകൾ ഇല്ലെങ്കിൽ അടിയന്തരമായി വാങ്ങാനും നിർദേശം നൽകിയിട്ടുണ്ട്. ഇതിനപുറമെ വാക്സിൻ ആശുപത്രികളിൽ എത്തിക്കുന്നതിനു ഫ്രീസർ സൗകര്യമുള്ള വാഹനങ്ങൾ പ്രവർത്തന സജ്ജമാക്കിയിടാനും നിർദേശം നൽകിയിട്ടുണ്ട്.
ജില്ലകളിലും ഒരുക്കങ്ങൾ
സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ വെയർഹൗസ് മാനേജർമാർക്കും ജില്ലാ മെഡിക്കൽ ഓഫീസർ വഴി ഇതിനകം ഉത്തരവ് കൈമാറിയിട്ടുണ്ട്.
ഇതിനു പുറമെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ അടക്കം ആശുപത്രികളിലെ ഫ്രീസറുകളുടെ കണക്കെടുക്കാനും മരുന്നു സൂക്ഷിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്താനും ജില്ലാ മെഡിക്കൽ ഓഫീസർ മാർക്ക് നൽകിയ ആരോഗ്യ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
കോവി ഡ് വാക്സിൻ ഈ വർഷം അവസാന മോ അടുത്ത വർഷം ആദ്യ മോ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ ഉൾപ്പടെ വിവിധ രാജ്യങ്ങളിൽ മരുന്നു പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണ്.
ഇതിന്റെ പരീക്ഷണങ്ങൾ അവസാന ഘട്ടത്തിലാണെന്നും ഏത് നിമിഷവും വാക്സിൻ ലഭ്യമാകുമെന്ന സൂചന കേന്ദ്ര ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും ഇതിനകം നൽകിയിട്ടുണ്ട് .
വാക്സിൻ സൂക്ഷിക്കാനായി ഫ്രീസറുകൾ (ഐ എൽ ആർ ) വാങ്ങാനും കേടായ ഫ്രീസറുകൾ അറ്റകുറ്റപ്പണികൾ നടത്താനും ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ഫണ്ടും അനുവദിച്ചിട്ടുണ്ട്.
കുട്ടികൾക്കു നൽകുന്ന പോളിയോ അടക്കമുള്ള വാക്സിനുകൾ ഐ എൽ ആറിലാണ് സൂക്ഷിക്കുന്നത്. ഇതേ രീതിയിലാണ് കോവി ഡ് വാക്സിനും സൂക്ഷിക്കേണ്ടതെന്നാണ്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങളിലുള്ളത്. പ്രതിരോധ വാക്സിൻ ആയതിനാൽ എല്ലാവർക്കും വാക്സിൻ നൽകും. അതിനാലാണ് വലിയ തയാറെടുപ്പുകൾ.
മരുന്നു ലഭ്യമായാൽ ഉടൻ വിതരണം ആരംഭിക്കുന്നതിനു തയാറായിരിക്കണമെന്ന നിർദേശം ലഭിച്ചതായി മെഡിക്കൽ സർവീസ് കോർപറേഷൻ അധികൃതരും പറയുന്നു.
വാഹനങ്ങൾ
വാക്സിൻ വിതരണത്തിനായി കൊണ്ടുപോകുന്നതിനു ഫ്രീസർ സൗകര്യമുള്ള വാഹനങ്ങൾ കുറവാണ്. ഉള്ളതുതന്നെ പോളിയോ വാക്സിൻ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ചെറിയ വാഹനങ്ങളാണ്. ഇതു മുൻകൂട്ടി കണ്ടുള്ള തയാറെടുപ്പുകളാണ് ആരംഭിച്ചിരിക്കുന്നത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നതിനാലും കോവിഡ് വ്യാപനം തുടരുന്നതിനാലും വാക്സിൻ ലഭ്യമായാൽ വിതരണത്തിനു കാലതാമസം ഉണ്ടാകാതിരിക്കാൻ കാര്യക്ഷമമായ നടപടികളാണ് ആരോഗ്യവകുപ്പ് ഇപ്പോൾ തുടങ്ങിയിരിക്കുന്നത്.